മലപ്പുറം :പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് അരീക്കോട് പി.ടി. അബ്ദുറഹിമാന്റെ സ്മരണാര്‍ത്ഥം കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ പി.ടി പുരസ്‌കാരം പ്രഗല്‍ഭ സംഗീത സംവിധായകന്‍ കെ.വി.അബുട്ടിക്ക്. 10001 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. നാളെ വൈകുന്നേരം അരീക്കോട് നടക്കുന്ന ചടങ്ങില്‍ ഒ.എം കരുവാരകുണ്ട്് അവാര്‍ഡ്ദാനം നിര്‍വഹിക്കും. കേരള മാപ്പിള കലാ അക്കാ ദമി സംസ്ഥാന അധ്യക്ഷന്‍ പി.എച്ച്. അബ്ദുല്ല മാസ്റ്റര്‍,ഗാന രചയിതാവ് ഒ.എം കരുവാരക്കുണ്ട് , ഫൈസല്‍ എളേറ്റില്‍ ,യോഗ്യന്‍ ഹംസ മാസ്റ്റര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
അരീക്കോട്, താഴത്തങ്ങാടി സ്വദേശിയായ കെ.വി. അബുട്ടി 1966 ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗായകന്‍ വി.എം. കുട്ടിക്ക് വേണ്ടി ഒരു വിപ്ലവ ഗാനം ചിട്ടപ്പെടുത്തിയാണ് സംഗീത ലോകത്ത് എത്തുന്നത്. ശ്രദ്ധേയ ഗായകന്‍ കൂടിയായ അബുട്ടി ആകാശവാണിയുടെ ‘എ ടോപ് ഗ്രേഡ്’ ലഭിച്ച ആളാണ്. ആകാശ വാണി ഡല്‍ഹിയില്‍ ഓഡിഷന്‍ ബോര്‍ഡ് അംഗമായിട്ടുണ്ട്. മാപ്പിള പ്പാട്ടുകളും ,വിപ്ലവ ഗാനങ്ങളും ഭക്തിഗാനങ്ങളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കിയിട്ടുണ്ട്.
നാളെ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പി.ടിയുടെ കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. മുസ്തഫ, ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ അരീക്കോട്, ജനറല്‍ സെക്രട്ടറി പി.വി. ഹസീബ് റഹ്മാന്‍ , ട്രഷറര്‍ അലവി നരിപ്പറ്റ എന്നിവര്‍ അറിയിച്ചു. ചടങ്ങില്‍ വൈദ്യര്‍ അക്കാദമി സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ പി.ടി അനുസ്മരണം നടത്തും.പിന്നണി ഗായകന്‍ നൗഷാദ് ബാബു ഇശല്‍ രാവിന് നേതൃത്വം നല്‍കും