ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഒരാള്‍ പത്രം വായിക്കുന്നത് പോലും നിങ്ങള്‍ക്ക് പ്രശ്നമാണോയെന്ന് സുപ്രീംകോടതി ചോദിച്ചു.യു.എ.പി.എ കേസില്‍ ജാമ്യത്തിനെതിരായ എന്‍.ഐ.എയുടെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയില്‍ നിന്നാണ് ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്ന് എന്‍.ഐ.എ ആരോപിച്ചയാള്‍ക്ക് ഝാര്‍ഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ഏജന്‍സി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഹൈകോടതി വിധി ശരിവെച്ച സുപ്രീംകോടതി എന്‍.ഐ.എക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. കേസില്‍ ആരോപണവിധേയനായ സഞ്ജയ് ജെയിന് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി പണം പിരിച്ചുവെന്നായിരുന്നു എന്‍.ഐ.എ വാദം.
2018 ഡിസംബറിലാണ് എന്‍.ഐ.എ ജെയിനിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 2021 ഡിസംബറിലാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. ജെയിനിന്റെ ജാമ്യഹരജി പരിഗണിക്കുന്നവേളയില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന നിര്‍ണായക നിരീക്ഷണവും ഝാര്‍ഖണ്ഡ് ഹൈകോടതി നടത്തിയിരുന്നു.