കോഴിക്കോട്:വെള്ളയില്‍ ആവിക്കല്‍തോടില്‍ മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ സമരം നടത്തുന്ന ജനകീയ സമരസമിതി പെരുന്നാള്‍ ദിനത്തില്‍ 28 സംഘടനകളെ അണിനിരത്തി സൗഹൃദസംഗമം സംഘടിപ്പിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായിരുന്നു സംഗമം. സി.പി.എം ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മഹല്ല്, ക്ഷേത്രകമ്മിറ്റികളും വിവിധ കലാ സാംസ്‌കാരിക സംഘടനകളും സാമുദായിക സംഘടനകളും പങ്കെടുത്തു.
പ്രദേശവാസികളുടെ ജീവിതം ദുരന്തമയമാക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റ് ആവിക്കല്‍തോടില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി നൂറുകണക്കിനാളുകള്‍ പ്രകടനമായാണ് സമരപന്തലില്‍ എത്തിയത്. അരയസമാജവും മദ്രസ കമ്മിറ്റികളുമെല്ലാം ചേര്‍ന്നു നടത്തിയ സംഗമത്തില്‍ പായസവിതരണവും നടന്നു.
സൗഹൃദ സംഗമം കൗണ്‍സിലര്‍ സൗഫിയ അനീഷ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ടി.ദാവൂദ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഷെറില്‍ബാബു, ഇര്‍ഫാന്‍ ഹബീബ്, പി.ടി മുഹമ്മദ്കോയ, ടി. സുനില്‍, സി.പി മുഹമ്മദ്, ജിത്തുന്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.