കോഴിക്കോട്: രാജ്യാന്തര കായികവേദികളില്‍ ഒരേ ഒരു ഉഷയായി ഇന്ത്യക്ക് അഭിമാനമായി മാറിയ പി.ടി ഉഷ എന്ന പയ്യോളിക്കാരി ഇനി രാജ്യസഭയില്‍. രാജ്യസേവനത്തിന്റെ ട്രാക്കില്‍ മുന്നേറാന്‍ ഒരുങ്ങുന്ന ഉഷക്ക് അഭിനന്ദനങ്ങളുമായി കായികലോകം കൂടെയുണ്ട്.
1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഹാര്‍ഡില്‍സ് ഫൈനലില്‍ ഫോട്ടോഫിനിഷില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് ഉഷ കായികലോകത്ത് ശ്രദ്ധേയയായത്.1982ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ ഉഷ 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടി. 1985ലും 86ലും ലോക അത്ലറ്റിക്സിലെ മികച്ച പത്ത് താരങ്ങളില്‍ ഒന്ന് ഉഷയായിരുന്നു. പത്മശ്രീ, അര്‍ജ്ജുന അവാര്‍ഡുകള്‍ നല്കി ഉഷയെ ആദരിക്കുകയുണ്ടായി. 2000ലാണ് ഉഷ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നത്.
കായികലോകം നല്കിയതെല്ലാം ശിഷ്യഗണങ്ങളിലൂടെ തിരിച്ചു നല്കാന് ശ്രമിക്കുന്ന ഉഷ സ്ഥാപിച്ച ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് കേരളത്തിന് പ്രതീക്ഷയും അഭിമാനവുമാണ്.2002 മേയ് 29ന് കൊയിലാണ്ടിയിലെ ചെറിയൊരു വീട്ടില്‍ തുടങ്ങിയ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് നിലവില്‍ കിനാലൂരിലെ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള കായികപരിശീലന കേന്ദ്രമാണ്. അടുത്ത ഒളിംബിക്സിലോ അതിനടുത്തതിലോ മെഡല്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഉഷയുടെ സ്കൂള്‍. ഉഷ സ്കൂളിലെ കായികതാരങ്ങള്‍ നൂറോളം രാജ്യാന്തര മെഡല്‍ നേടിയിട്ടുണ്ട്.
ഉഷ ഓരോ ഭാരതപൗരനും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട പ്രമുഖ സാമൂഹിക പ്രവര്ത്തകന് ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡയെയും പ്രധാനമന്ത്രി അനുമോദിച്ചു.