തിരുവനന്തപുരം:മല്ലപ്പള്ളിയില്‍ സി.പി.ഐ.എം പരിപാടിക്കിടെ നടത്തിയ ഭരണഘടന വിരുദ്ധ പരാമര്‍ശത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് മന്ത്രി സജി ചെറിയാന് രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സജി ചെറിയാന് രാജിവെച്ചത്. ബുധനാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.ഐ.എം കേന്ദ്രനേതൃത്വവും സജി ചെറിയാന് രാജിവെക്കണമെന്ന നിലപാട് എടുത്തിരുന്നു.രണ്ടാം പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്.
മുഖ്യമന്ത്രിയോട് താന്‍ രാജിവെക്കുകയാണെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയാണെന്നും മാധ്യമങ്ങള്‍ തന്റെ പ്രസംഗത്തെ തെറ്റായി അവതരിപ്പിച്ചുവെന്നും സജി ചെറിയാന് പറഞ്ഞു.
എ.കെ.ജി സെന്ററില്‍ ഇന്ന് രാവിലെ ചേര്‍ന്ന സി.പി.ഐ.എം അവെയ്ലബിള് സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടന്‍ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയില്‍ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സി.പി.ഐ.എം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം.
കോടതിയിലേക്ക് കാര്യങ്ങളെത്തും വരെ കാത്തിരിക്കാം എന്ന നിലയില്‍ അഭിപ്രായങ്ങള്‍ ആദ്യം ഉയര്‍ന്നു . രാജിപ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതല്‍ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്.
രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ആര് പ്രസംഗിച്ചാലും ഇന്ത്യന്‍ ഭരണഘടന മികച്ചതാണെന്ന് ഞാന്‍ സമ്മതിക്കില്ല.
മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാര്‍ പറയുന്നതിനനുസരിച്ച് ചിലര്‍ എഴുതിയതാണ് ഇന്ത്യന്‍ ഭരണഘടന- ഇങ്ങനെയായിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍.