കോഴിക്കോട്: ലഹരിക്കെതിരെയുള്ള പ്രതിരോധ-ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുതുലഹരിയിലേക്ക് എന്ന ദീപശിഖാ പ്രയാണത്തിന് ബാലുശ്ശേരിയില്‍ ഉജ്വല സ്വീകരണം നല്കി. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ദീപശിഖയേന്തിയ വാഹനം എത്തുന്നുണ്ട്. സ്കൂള്‍, കോളജ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ബോധവല്‍ക്കരണം. ഇതിന്റെ ഭാഗമായി എഴുത്ത്, സംഗീതം, ചിത്രവര, വായന തുടങ്ങിയ ലഹരികള്‍ കണ്ടെത്താന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുന്നു. ഇത്തരം ലഹരികള്‍ ഏതും കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാം. ഇതിനായി വോട്ടെടുപ്പും നടത്തുന്നുണ്ട്. ഈ മാസം മുതലാണ് ദീപശിഖ പ്രയാണം തുടങ്ങിയത്.
വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഊര്‍ജ്ജം ക്രിയാത്മകവും ഉപകാരപ്രദവുമായ പ്രവൃത്തികളിലേക്ക് തിരിച്ചുവിടുകയാണ് പ്രചാരണപരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി നാശാമുക്ത് ഭാരത് അഭിയാന് തയാറാക്കിയ പ്രതിജ്ഞയെടുക്കുന്നവര്‍ക്ക് ഇ-സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു. ബാലുശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് പുതുലഹരിയിലേക്ക് എന്ന വോട്ടെടുപ്പും പ്രതിജ്ഞയെടുക്കലും നടന്നു.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍ എമ്മച്ചംകണ്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സജീഷ എന്നിവര്‍ പ്രസംഗിച്ചു.