മുംബൈ: വിമതനീക്കം നടത്തി മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിച്ച് മുഖ്യമന്ത്രിയായ ഏക്നാഥ് ഷിന്‍ഡെയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. പാര്‍ട്ടിയിലെ എല്ലാ ചുമതലകളില്‍നിന്നും ഷിന്‍ഡെയെ ഉദ്ധവ് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ ഷിന്‍ഡെയെ പുറത്താക്കുന്നതായി ശിവസേന പ്രസ്താവനയില്‍ അറിയിച്ചു. ഷിന്‍ഡെയുടെ പാര്‍ട്ടി അംഗത്വവും റദ്ദാക്കി.
ഇതിനിടെ ഷിന്‍ഡെ പക്ഷം പാര്‍ട്ടി പിടിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഒരു ഡസനോളം എംപിമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണു ഷിന്‍ഡെപക്ഷത്തിന്റെ അവകാശവാദം. ലോക്സഭയില്‍ 19ഉം രാജ്യസഭയില്‍ മൂന്നും എംപിമാരാണു ശിവസേനയ്ക്കുള്ളത്.
ശിവസേന നിയമസഭാകക്ഷിയിലുണ്ടായ പിളര്‍പ്പ് ലോക്സഭയിലും ഉണ്ടാകുമെന്നാണു ബിജെപിക്കാരനായ കേന്ദ്രമന്ത്രി പറയുന്നത്. ഏക്നാഥ് ഷിന്‍ഡെയുടെ മകനും കല്യാണ്‍ എംപിയുമായ ഡോ. ശ്രീകാന്ത് ഷിന്‍ഡെ വിമതപക്ഷത്തെത്തിക്കഴിഞ്ഞു. യവത്ത്മാളില്‍നിന്ന് അഞ്ചു തവണ ലോക്സഭാംഗമായ ഭാവന ഗാവ്ലി വിമതപക്ഷത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ട്.
ഹിന്ദുത്വവിഷയത്തില്‍ വിമത എംഎല്‍എമാരുടെ പരാതികള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു മുന്‍പ് ഭാവന കത്തയച്ചിരുന്നു. താനെയില്‍നിന്നുള്ള ലോക്സഭാംഗമായ രാജന്‍ വിചാരെയും ഷിന്‍ഡെപക്ഷത്തേക്കു കൂറുമാറിയേക്കാം.
ഷിന്‍ഡെയുടെ രാഷ്ട്രീയഗുരുവായ ആനന്ദ് ദിഘേയുടെ ഉറ്റ അനുയായി ആണ് രാജന്‍ വിചാരെ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭാവന ഗാവ്ലിയെ ചോദ്യംചെയ്തിരുന്നു. ഭാവന നേതൃത്വം നല്കുന്ന സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡിയുടെ ചോദ്യംചെയ്യല്‍. ഇഡിയുടെ കുരുക്കില്‍നിന്നു രക്ഷപ്പെടാന്‍ ഭാവന ഷിന്‍ഡെപക്ഷത്ത് എത്തുമെന്നാണു റിപ്പോര്‍ട്ട്.