കോഴിക്കോട്: ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി വല്യ ഒന്ന് എന്ന കണക്കിലൂടെ ജീവിത വ്യവഹാരത്തെ മാറ്റിമറിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ദീപ്തമായ ഓര്‍മകള്‍ക്ക് 28 വയസ്. ബഷീറിന് സ്മാരകം നിര്‍മിക്കുന്നതിനുള്ള ആലോചനകള്‍ ഇപ്പോള്‍ പ്രവൃത്തി പഥത്തിലേക്ക് നീങ്ങുകയാണ്. ബേപ്പൂരില്‍ ഇന്ന് ആരംഭിക്കുന്ന ബഷീര്‍ ഫെസ്റ്റിന്റെ ഭാഗമായി നാളെ സ്മാരകത്തിന് ശിലയിടും.
ആകാശമിഠായി എന്നാണ് സ്മാരകത്തിന് പേരിട്ടിരിക്കുന്നത്. ബഷീറിന് സ്മാരകം നിര്‍മിക്കാന്‍ ഒരു പതിറ്റാണ്ടിന് മുമ്പുതന്നെ ശ്രമം തുടങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എം.എ ബേബി സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. സ്ഥലം കണ്ടെത്താന്‍ കോര്‍പറേഷനും ജില്ലാഭരണകൂടവും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച തുക സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. ഇപ്പോള്‍ ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡില്‍ പഴയ കമ്യൂണിറ്റിഹാള്‍ കെട്ടിടം പൊളിച്ചുമാറ്റി അവിടെ സ്മാരകം നിര്‍മിക്കാനാണ് പരിപാടി. ബഷീറിന് ലഭിച്ച ഉപഹാരങ്ങള്‍, അദ്ദേഹത്തിന്റെ കൃതികള്‍, കയ്യെഴുത്ത് പ്രതികള്‍, ചാരുകസേര, ഗ്രാമഫോണ്‍, പേനകള്‍ തുടങ്ങിയ സാമഗ്രികള്‍ എല്ലാം സ്മാരകത്തിലേക്ക് മാറ്റും. വായനശാല ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടാവും.
ബേപ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ബഷീര്‍ ഫെസ്റ്റ് മുന്‍മന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ബഷീര്‍ ഫോട്ടോപ്രദര്‍ശനം നാളെ രാവിലെ 11ന് എ. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ബഷീര്‍ ചലച്ചിത്രോത്സവം നടന്‍ മാമുക്കോയ രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. നാലിന് വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.