കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഗു റോഡില്‍ പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായി. ഉദ്യാവര്‍ റസീന മന്‍സിലില്‍ റിയാസ് ഹസ്സന്‍ (33 ),ഉപ്പള ബി.ടി.റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലില്‍ അബ്ദുല്‍ റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലില്‍
അബൂബക്കര്‍ സിദ്ദിഖ്(33) എന്നിവരാണ് അറസ്റ്റിലാത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സഖ്യസേനയുടെ പ്രത്യേക പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം ഉദ്യാവാറിലെ അബ്ദുല്‍ അസീസ് (37), അബ്ദുല്‍ റഹീം (35) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിദ്ദിഖിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

സിദ്ദിഖിന്റെ സഹോദരന്‍ അന്‍സാര്‍, സുഹൃത്ത് അന്‍വര്‍ എന്നിവര്‍ തങ്ങളുടെ പക്കലുണ്ടെന്നും നാട്ടിലെത്തിയാല്‍ മാത്രമേ ഇവരെ വിട്ടയക്കൂവെന്നും സംഘം സിദ്ദിഖിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഞായറാഴ്ച്ച സിദ്ദിഖ് ഗള്‍ഫില്‍ നിന്ന് മംഗളൂരു വിമാനത്താവളം വഴി നാട്ടിലെത്തിയത്. സിദ്ദിഖിനെ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ബന്തിയോട്ടെ സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.