കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെയും പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ജൂലൈ 6ന് ബുധനാഴ്ച്ച കോഴിക്കോട് നടക്കും. മുതലക്കുളം മൈതാനിയില്‍ വൈകീട്ട് 3ന് നടക്കുന്ന റാലിയെ ഡോ: ശശി തരൂര്‍ എംപി, ഇടി മുഹമ്മദ് ബഷീര്‍ എം. പി എന്നിവര്‍ അഭിവാദ്യം ചെയ്യും.
സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധതക്കെതിരെ പ്രതികരിച്ചവരുടെ വീടുകള്‍ കഴിഞ്ഞ ദിവസം പൊളിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ട തുടരുന്നതിനിടെയാണ് അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ കൂടി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സകിയ ജാഫ്രിയുടെ ഹരജി ഏതാനും ദിവസം മുമ്പ് സുപ്രീം കോടതി തളളി മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയുണ്ടായി. അതിനു തൊട്ടുപിന്നാലെ, ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്കുള്ള പങ്ക് തുറന്നു കാണിക്കുകയും ഇരകളുടെ കൂടെ നില്‍ക്കുകയും ചെയ്ത ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. നുപൂര്‍ ശര്‍മ്മയുടെ വര്‍ഗ്ഗീയത പുറംലോകത്തെത്തിച്ച ജേണലിസ്റ്റ് മുഹമ്മദ് സുബൈറിനെയും അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ബിജെപി അറസ്റ്റ് ചെയ്ത മുന്‍ ഐ.പി.സ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ഇപ്പോഴും ജയിലിലാണ്.
ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പ്രതികരിക്കുന്നവരെയെല്ലാം ഇവ്വിധം പ്രതികളാക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം യൂത്ത് ലീഗ് ഇങ്ങനെയൊരു പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. റാലിയില്‍ അണിനിരക്കാന്‍ മുഴുവന്‍ ജനാതിപത്യ മതേതര വിശ്വാസികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.