തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സ്വകാര്യ യാത്ര നടത്തിയതിന് കേരള വനംവികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് നിര്‍ദേശം. കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പുതിയ വിവാദത്തിന് കാരണമെന്നാണ് അറിയുന്നത്.
ഔദ്യോഗിക വാഹനമായ കെ.എല്‍ 05 എ.ഇ. 9173 കാര്‍ കോര്പ്പറേഷന് ആവശ്യങ്ങള്‍ക്കല്ലാതെ ചെയര്‍പേഴ്സണ്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയതായി എം.ഡി. നല്കിയ കത്തിലുണ്ട്. ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ ജൂണ്‍ 30നുമുമ്പ് അടയ്ക്കണമെന്നാണ് നിര്‍ദേശം. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.