ന്യൂഡല്‍ഹി:കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ളവ വന്നതും സ്കൂളുകള്‍ അടച്ചതുമെല്ലാം കുട്ടികളുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘന. ലോക്ക്ഡൗണ്‍ മൂലം സ്കൂളുകള്‍ അടച്ചത് കുട്ടികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കിയെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വിഷാദരോഗം, അമിത ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങള്‍ കുട്ടികളിലും യുവാക്കളിലും മുതിര്‍ന്നവരിലേക്കാള്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനു പിന്നില്‍ സ്കൂളുകള്‍ അടച്ചതും സാമൂഹിക ഇടപെടലുകള്‍ കുറഞ്ഞതുമാകാം കാരണമെന്നാണ് വിലയിരുത്തുന്നത്.
മാനസിക ശാരീരിക വികാസത്തിന് സഹായിക്കുന്ന ശീലങ്ങളിലും സാമൂഹിക ബന്ധങ്ങളിലും ഈ കാലത്ത് തടസ്സം നേരിടുകയുണ്ടായി. ഈ തടസ്സവും ഒറ്റപ്പെടലും ആശങ്കയും ഉത്കണ്ഠയും അനിശ്ചിതാവസ്ഥയും ഒറ്റപ്പെടലുമൊക്കെ ഇക്കൂട്ടരില്‍ നിറച്ചുവെന്നും ഇതുമൂലം സ്വഭാവരീതികളില്‍ ഉള്‍പ്പെടെ മാറ്റം വന്നുവെന്നും പറയുന്നുണ്ട്.
ചില കുട്ടികളിലും കൗമാരക്കാരിലും വീട്ടില്‍ തന്നെ തുടര്‍ന്നത് കൂടുതല്‍ മാനസിക സംഘര്‍ഷത്തിന് വഴിവച്ചിട്ടുണ്ട്. കുടുംബാന്തരീക്ഷത്തില്‍ നിന്നുയരുന്ന സമ്മര്‍ദങ്ങളും പ്രശ്നങ്ങളുമെല്ലാം അതിന്റെ ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഭീഷണികളും ലൈംഗിക അതിക്രമവുമാണ് കുട്ടികളില്‍ വിഷാദരോഗം വര്‍ധിച്ചതിന് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഇതിനായുള്ള പദ്ധതികള്‍ക്ക് ആക്കം കൂട്ടാനും ആഹ്വാനം ചെയ്യുന്നുണ്ട്.