പയ്യന്നൂര്‍: സിപിഎം ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നീക്കം ഫലം കണ്ടില്ല. എം വി ജയരാജന് കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഫണ്ട് തിരിമറി കണക്കുകള്‍ പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടു.പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം തക!ര്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്കി. വെള്ളൂര്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തില്‍ എത്തണമെന്നും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണന് ആവര്‍ത്തിച്ചു. ടിഐ മധുസൂധനനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു,
വെള്ളൂരില്‍ ഇന്ന് സിപിഎം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം നടക്കാനിരിക്കെയാണ് എം വി ജയരാജന് അനുനയ നീക്കം നടത്തിയത്. വി കുഞ്ഞികൃഷ്ണനും ടി ഐ മധുസൂധനനും പങ്കെടുക്കേണ്ട ചടങ്ങാണിത്. ഇരുവരും പങ്കെടുക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വൈകിട്ട് അഞ്ചിന് പിബി അംഗം എ വിജയരാഘവനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.വെള്ളൂരിലെ പ്രവര്‍ത്തകര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമോ എന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറി നേരിട്ട് അനുനയ നീക്കവുമായി രംഗത്തിറങ്ങിയത്.