രാമനാട്ടുകര: മലബാറിലെ വ്യവസായമേഖലയെ ശക്തിപ്പെടുത്തുമെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ്. രാമനാട്ടുകരയില്‍ ഐ.ടി അധിഷ്ഠിത വിജ്ഞാന മേഖലയുടെ വികസനം ലക്ഷ്യമാക്കി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ സാമ്പത്തിക വര്‍ഷം ഇവിടെ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കും. 10 പുതിയ ഫുഡ് പ്രോസസിങ് പാര്‍ക്കുകളാണ് തുടങ്ങുന്നത്. മലബാറിലെ സംരംഭകരെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഐ.ടി വ്യവസായ പാര്‍ക്കായി രാമനാട്ടുകര അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക് മാറും. നൂതന വ്യവസായ സംരംഭങ്ങള്‍ പാര്‍ക്കില്‍ ആരംഭിക്കുമെന്നും അത് വ്യവസായമേഖലയില്‍ ജില്ലയുടെ മുഖഛായ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഐ.ടി/ഐ.ടി അനുബന്ധ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് രണ്ടേക്കര്‍ സ്ഥലത്ത് അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക് നിര്‍മിച്ചത്. സൈബര്‍ പാര്‍ക്കും യു.എല്‍ സൈബര്‍ പാര്‍ക്കും കഴിഞ്ഞാല്‍ ജില്ലയിലെ മൂന്നാമത്തെ വലിയ ഐ.ടി പാര്‍ക്കാണിത്.
ആറു നിലകളിലായി 1.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയിലൂടെ ചുരുങ്ങിയത് 1000 പേര്‍ക്ക് നേരിട്ടും 2000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകും.
ചടങ്ങില്‍ മുന്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. രാമനാട്ടുകര നഗരസഭാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ റഫീഖ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി ഗീത, കെ.എം യമുന, ബേപ്പൂര്‍ ഡെവലപ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ എം ഗിരീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് സ്വാഗതവും പ്രോജക്റ്റ്‌സ് ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.