Thursday, June 19, 2025

ഷവര്‍മ്മയില്‍ പൊലിഞ്ഞ ജീവിതം: പ്രതീക്ഷ നല്‍കുന്ന നിര്‍ദ്ദേശങ്ങളുമായി നിയമസഭ സമിതി

Must Read

സൂപ്പി വാണിമേല്‍

കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഇ.വി.ദേവനന്ദയുടെ ജീവന്‍ ഷവര്‍മ്മയില്‍ പൊലിഞ്ഞ അനുഭവം കേരളത്തിനാകെ പാഠമാവുന്നതാണ്. ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള പരിശോധനകളും നടപടികളും ചടുലമാവാന്‍ ദേവനന്ദയുടെ ദാരുണമരണം നിമിത്തമായി. കാസര്‍കോട് ജില്ല ഭരണകൂടം, വിശിഷ്യാ ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടിലാണെന്ന് ഷവര്‍മ്മ ദുരന്ത പശ്ചാത്തലത്തില്‍ ‘തത്സമയം’ പരിതാപകരമായ അവസ്ഥകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യ,ഭക്ഷ്യ സുരക്ഷാ മേഖലയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് കാസര്‍കോട് തെളിവെടുപ്പ് നടത്തുകയും ദേവനന്ദയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്ത നിയമസഭ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ചത്.

നിയമസഭ സമിതി അംഗങ്ങള്‍ ദേവനന്ദയുടെ മാതാവ് പ്രസന്നയെ സന്ദര്‍ശിക്കുന്നു


റിപ്പോര്‍ട്ട് നടപ്പാകാന്‍ നല്ല ഇടപെടലും സമ്മര്‍ദ്ദവും അനിവാര്യമാണ്.
പ്രമോദ് നാരായണന്‍ എം എല്‍ എയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ആത്മാര്‍ത്ഥത തെളിവെടുപ്പ് തുടക്കം മുതല്‍ ദേവനന്ദയുടെ വീട് സന്ദര്‍ശനം വരെ ഓരോ നീക്കങ്ങളിലും പ്രകടമായി. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ കഴിഞ്ഞ മാസം ഒന്നിനാണ് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്.

കരിവെള്ളൂര്‍ പെരളത്തെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകളായിരുന്നു ദേവനന്ദ. ചെറുവത്തൂര്‍ മട്ടലായിലെ സഹോദരി സൗദാമിനിക്കൊപ്പമാണ് ദേവനന്ദയുടെ അമ്മ പ്രസന്ന ഇപ്പോഴുള്ളത്. ഈ വീട്ടിലാണ് നിയമസഭ സമിതി സന്ദര്‍ശനം നടത്തിയത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതാത്താതാണെന്ന് സമിതി നിരീക്ഷിച്ചു.സമിതി ചെയര്‍മാന്റെ വാക്കുകള്‍: ‘പിഴവുകളില്ലാതെ ഈ നിയമങ്ങള്‍ നടപ്പിലാക്കുകയും ഇതു സംബന്ധിച്ച ജനകീയ അവബോധം സൃഷ്ടിക്കാനുമുളള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ വേണ്ടിയാണ് ഈ സന്ദര്‍ശനം. ഇത്തരമൊരു സംഭവമുണ്ടായ ജില്ല എന്നത് കണക്കിലെടുത്താണ് കാസര്‍കോട് നിന്ന് തന്നെ തെളിവെടുപ്പ് ആരംഭിച്ചത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധന നടത്തി വരുന്ന പതിവ് ശീലത്തിന് അപ്പുറം സമഗ്രമായ ഇടപെടല്‍ ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളരെ ഗൗരവത്തിലാണ് ഈ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നത്. പരമാവധി ശിക്ഷ കുറ്റവാളികള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ഇടപെടലുകളും ഉണ്ടാകും. ഭക്ഷണത്തിന് ഗുണമേന്മ ഉറപ്പാക്കുന്നതിന് പകരം ലാഭം ഉണ്ടാക്കുകയെന്ന് കരുതുന്ന ആളുകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയണം. ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന ഇടം മുതല്‍ വിതരണം ചെയ്യുന്ന സ്ഥലം വരെയുള്ള ശൃംഖലയില്‍ ഇടപെടാന്‍ വകുപ്പുകള്‍ക്ക് കഴിയേണ്ടതുണ്ട്. സമഗ്രമായ റിപ്പോര്‍ട്ട് സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ സമര്‍പ്പിക്കും’.
സമിതി അഗങ്ങളായ കെ. പ്രേം കുമാര്‍ എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, എ.ഡി.എം എ.കെ രമേന്ദ്രന്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

സമിതി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തി. എന്റോസള്‍ഫാന്‍ ദുരന്തത്തിന്റെ കൂടി സാഹചര്യത്തില്‍ കേരളത്തിനാകെ അനുകരിക്കാവുന്ന ജനകീയ ഭക്ഷ്യസുരക്ഷ, ആരോഗ്യകരമായ കൃഷിരീതി, ഭക്ഷ്യസംസ്‌കാരം എന്നിവയുടെ മാതൃക സൃഷ്ടിക്കാന്‍ കാസര്‍കോട് ജില്ലക്ക് സാധിക്കണം.അതിഥി തൊഴിലാളികള്‍ കൂടുതലായി ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുമുള്ള അതിഥി തൊഴിലാളികളുടെ കൃത്യമായ കണക്ക് വിവരങ്ങള്‍ പഞ്ചായത്ത് വകുപ്പും തൊഴില്‍ വകുപ്പും ചേര്‍ന്ന് ലഭ്യമാക്കണം. ഭക്ഷണ നിര്‍മ്മാണ-വിതരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അതിഥി തൊഴിലാളികളുടെ ആരോഗ്യം സംബന്ധിച്ചും അവര്‍ നേരത്തെ ചികിത്സിച്ചു വരുന്ന രോഗവിവരങ്ങളും ശേഖരിച്ച് ആരോഗ്യ വകുപ്പ് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ചെന്ന് വിവരങ്ങള്‍ പരിശോധിച്ച് ആരോഗ്യ മാപ്പിങ് നടത്തി ആരോഗ്യ കാര്‍ഡ് വിതരണം ചെയ്യണമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാല്‍, മത്സ്യം,പഴം, പച്ചക്കറി തുടങ്ങിയവ കാര്യക്ഷമമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം,ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കണം. സിവില്‍ സപ്ലൈസ് വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ഉറപ്പാക്കാന്‍ സാധിക്കണമെന്നും മികച്ച ഉല്‍പ്പന്നങ്ങള്‍ മാത്രമേ പൊതു വിതരണ ശൃംഖലയിലൂടെ ജനങ്ങളിലേക്കെത്താന്‍ പാടുള്ളൂവെന്നും സമിതി നിര്‍ദ്ദേശിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും പിഴ ഈടാക്കാനും ജാഗ്രതപാലിക്കണം.
എന്റോസള്‍ഫാന്‍ ദുരന്ത ബാധിത പ്രദേശമായ ജില്ലയില്‍ പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളിലെ കീടനാശിനി പ്രയോഗം അനുദിനം നിരീക്ഷിക്കണമെന്നും പഴുതടച്ചതും കാര്യക്ഷമമായതുമായ പ്രവര്‍ത്തനമാണ് ഇതിനാവശ്യമെന്നും സമിതി വിലയിരുത്തുകയുണ്ടായി.

അങ്കണവാടികളും സ്‌കൂളുകളും പ്രീ സ്‌കൂളുകളുമെല്ലാം പുനരാരംഭിച്ച ഘട്ടത്തില്‍ വിദ്യാലയങ്ങളിലും അങ്കണവാടികളിലും കുട്ടികള്‍ കൂട്ടമായി താമസിക്കുന്ന ഹോസ്റ്റലുകളിലുമെല്ലാമുള്ള പാചകപ്പുരകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി കുട്ടികള്‍ക്ക് ലഭിക്കുന്ന ആഹാരങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കണമെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
ഗുണമേന്മയേറിയതും ആരോഗ്യത്തിന് കോട്ടമില്ലാത്തതുമായ ഭക്ഷണരീതിയിലേക്ക് മടങ്ങേണ്ടുന്നതിന്റെ ആവശ്യകത സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടത്താനും സമിതി ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

സാമൂഹിക പ്രവര്‍ത്തകന്‍ എയിംസ് കാസര്‍കോട് കൂട്ടായ്മ പ്രസിഡണ്ട് നാസര്‍ ചെര്‍ക്കളം തെളിവെടുപ്പില്‍ ഉന്നയിച്ച ആവശ്യം സമിതിയുടെ ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തും.ഇതുസംബന്ധിച്ച് നാസര്‍ സമിതി അംഗങ്ങളായ കുറുക്കോളി മൊയ്തീന്‍ എംഎല്‍എ,സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ എന്നിവക്ക് നിവേദനം നല്‍കിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img