കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ കെട്ടിടങ്ങള്‍ അന്തേവാസികളെ പാര്‍പ്പിക്കാന്‍ കഴിയാത്തവിധം ശോചനീയമാണെന്നും അവയെല്ലാം പൊളിച്ചുനീക്കി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കണമെന്നും പൊലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് സ്ഥാപനം സന്ദര്‍ശിച്ച പൊലീസ് സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജീവനക്കാരെ കൂടുതലായി നിയമിക്കണമെന്നും അവര്‍ക്ക് മതിയായ പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊലീസ് റിപ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ആമോസ് മാമന് കൈമാറി. ഇത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
ഒരു തരത്തിലും വാസയോഗ്യമല്ലാത്ത കെട്ടിടങ്ങളാണ് ഇവിടെയുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചുമാറ്റി മാസ്റ്റര്‍പ്ലാന്‍ പ്രകാരം പുതിയവ നിര്‍മിക്കണം. അന്തേവാസികള്‍ നിരന്തരം ചാടിപ്പോവുന്ന അവസ്ഥയുണ്ട്. ഇത് ഒഴിവാക്കാന്‍ പൊലീസ് പട്രോളിങ് ശക്തമാക്കണം. ആശുപത്രി കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിച്ചുമാറ്റണം. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കണം. പുരുഷജീവനക്കാരുടെ എണ്ണം കൂട്ടണം.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സക്ക് എത്തിച്ച റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ വാഹനാപകടത്തില്‍ മരണമടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി മാനസികാരോഗ്യകേന്ദ്രത്തിന്റെ സുരക്ഷ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് പൊലീസിനോട് ആവശ്യപ്പെട്ടത്. അസിസ്റ്റന്റ് കമ്മീഷണര്‍മാരാണ് അന്വേഷണം നടത്തിയത്.
അന്തേവാസി പുറത്തുകടന്ന സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രമേശനെ സസ്പെന്റ് ചെയ്തിരുന്നു. ഇതിനെതിരെ ഡോക്ടര്‍മാര്‍ സമരരംഗത്ത് എത്തുകയുമുണ്ടായി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഡോ. പി.പി പ്രീതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സസ്പെന്ഷന് പിന്‍വലിക്കുമെന്നാണ് സൂചന. റിപ്പോര്ട്ടിന്മേല് താമസിയാതെ നടപടിയുണ്ടാവും. സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ സമരം വീണ്ടും ആരംഭിക്കുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനാ നേതൃത്വം പറയുന്നത്.