കോഴിക്കോട്: പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ചശേഷം കവര്‍ച്ച. കോട്ടൂളിയിലെ എസ്.പി പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പമ്പിലെ ജീവനക്കാരന്‍ മുഹമ്മദ് റാഫിയെയാണ് ആക്രമിച്ച് അജ്ഞാതന്‍ പണം കവര്‍ന്നത്. കലക്്ഷന്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് കവര്‍ച്ച. 50,000 രൂപ നഷ്ടപ്പെട്ടതായി അറിയുന്നു. പമ്പിലെ സി.സി.ടി.വിയില്‍ നിന്നാണ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായത്. സംഭവസമയം പെട്രോള്‍ പമ്പില്‍ മുഹമ്മദ് റാഫി മാത്രമാണ് ഉണ്ടായിരുന്നത്. കറുത്തമുഖം മൂടിയണിഞ്ഞ ആളാണ് അക്രമം നടത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയുമാണ് ധരിച്ചിരുന്നത്. ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് കയറി ജീവനക്കാരനെ കൈയേറ്റം ചെയ്യുകയായിരുന്നു.
മുഹമ്മദ് റാഫിയും അക്രമിയും തമ്മില്‍ മല്‍പിടിത്തം നടന്നു. പണം കൈക്കലാക്കിയശേഷം ഇയാള്‍ കടന്നുകളഞ്ഞു. മുഹമ്മദ് റാഫിയെ തുണി ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ മറ്റു ജീവനക്കാര്‍ മുഹമ്മദ് റാഫിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളജ് സി.ഐ ബെന്നിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പെട്രോള്‍ പമ്പില്‍ 18 ജീവനക്കാരാണ് ഉള്ളത്. രാത്രിസമയം രണ്ടുപേരാണ് ഉണ്ടാവാറുള്ളത്. ഇന്നലെ രാത്രി വൈകി റാഫി മാത്രമെ ഉണ്ടായിരുന്നുള്ളു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതര സംസ്ഥാനത്തു നിന്നുള്ള ആളാണ് കവര്‍ച്ച നടത്തിയതെന്ന് സൂചനയുണ്ട്. രാത്രി രണ്ടുമണിവരെ പ്രവര്‍ത്തിക്കുന്ന പമ്പാണിത്.