Monday, June 23, 2025

സ്വന്തം വീട് കുത്തിത്തുറന്ന് അരലക്ഷം രൂപയും സ്വര്‍ണാഭാരണങ്ങളും കവര്‍ന്ന വിരുതന്‍ പിടിയില്‍

Must Read

മാവൂര്‍: സ്വന്തം വീട്ടിലെ അലമാര കുത്തിതുറന്ന് 50000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ച യുവാവ് പിടിയില്‍. പട്ടാപ്പകല്‍ നടന്ന കവര്‍ച്ചക്കു പിന്നില്‍ വീട്ടുകാരന്റെ മകനാണെന്ന് തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റുചെയ്തു. പെരുവയല്‍ പുനത്തില്‍ പ്രകാശന്റെ വീട്ടിലെ അലമാര കുത്തിത്തുറന്ന് മോഷണം നടത്തിയത് മകന്‍ അപ്പൂസ് എന്ന സിനീഷ് ആണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായി മാവൂര്‍ പൊലീസ് അറിയിച്ചു.

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ പരിയങ്ങാട് തടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പകലാണ് മോഷണം നടന്നത്.

കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സിനീഷ്, അച്ഛന്‍ കരുതിവെച്ചിരുന്ന 50,000രൂപ അലമാര തകര്‍ത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരിയില്‍നിന്നും മുപ്പതിനായിരം രൂപ എടുത്ത് സിനീഷ് വാഹനത്തിന്റെ കടം വീട്ടിയിരുന്നു. അത് അച്ഛന്‍ മനസ്സിലാക്കിയില്ലെന്ന് അറിഞ്ഞ് വെള്ളിയാഴ്ച രാവിലെ അച്ഛനും അമ്മയും ജോലിക്കുപോയ ശേഷം ഇയാളുടെ ഭാര്യയെ അവരുടെ വീട്ടിലാക്കി തിരികെ വന്ന് ബാക്കി പണം കൂടി കൈക്കലാക്കുകയായിരുന്നു. പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റേതിനേക്കാള്‍ വലിയ 10 ഇഞ്ച് സൈസുള്ള ഷൂ ധരിക്കുകയും തകര്‍ത്ത പൂട്ടിലും മുറികളിലും മുളകുപൊടി വിതറി ആ പൊടിയില്‍ മനപ്പൂര്‍വ്വം ഷൂസിന്റെ അടയാളം വരുത്തിയശേഷം ഷൂസിന്റെ സോള്‍ മുറ്റത്ത് ഉപേക്ഷിക്കുകയായിരുന്നു. വിരലടയാളം പതിയാതിരിക്കാനായി കൈകളില്‍ പേപ്പര്‍ കവര്‍ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഒളിപ്പിച്ചുവെച്ച പണവും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്സോ ബ്ലേഡും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു.

മാവൂര്‍ ഇന്‍സ്പെക്ടര്‍ വിനോദന്‍, എസ് ഐ മാരായ മഹേഷ് കുമാര്‍,പുഷ്പ ചന്ദ്രന്‍, എ എസ് ഐ സജീഷ്, എസ് സി പി ഒ അസീസ്, സി പി ഒ മാരായ ലിജു ലാല്‍, ലാലിജ് ഷറഫലി എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img