ന്യൂഡല്‍ഹി:ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ഡല്‍ഹിയില്‍ ചേരും. കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. പ്രദേശവാസികളല്ലാത്തവരെ ഉന്നംവച്ചുള്ള ആക്രമണം കശ്മീരില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് യോഗം. കശ്മീരിലെ കുല്‍ഗാമില്‍ ഭീകരന്‍ ബാങ്കിനുള്ളില്‍ കയറി മാനേജരെ വെടിവച്ചുകൊന്നതിനു തൊട്ടുപിന്നാലെ അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. തങ്ങളെ ഭീകരര്‍ ലക്ഷ്യമിടുന്നതായി ആരോപിച്ച് കശ്മീരി പണ്ഡിറ്റുകള്‍ ശ്രീനഗറില്‍ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞദിവസം ശ്രീനഗര്‍- ജമ്മു ദേശീയപാത പണ്ഡിറ്റുകള്‍ ഉപരോധിച്ചിരുന്നു. ഈ മാസം 6നു മുന്‍പ് പ്രശ്നപരിഹാരം ഉണ്ടാവുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ഇവര്‍ക്കായി പ്രത്യേക ഹെല്‍പ് ലൈനും ഏര്‍പ്പെടുത്തി.
ഇന്നലെ മാത്രം പ്രദേശവാസികളല്ലാത്ത രണ്ടുപേരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. കശ്മീരിലെ കുല്‍ഗാം ആ!ര്‍ക് മോഹനപുരയിലെ എലാഖി ദേഹാതി ബാങ്ക് ബ്രാഞ്ച് മാനേജര്‍ രാജസ്ഥാന്‍ സ്വദേശി വിജയ് കുമാര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാതെ ബുദ്ഗാമില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഇതോടെ കശ്മീരില്‍ മേയ് 1നു ശേഷം ഭീകരര്‍ 9 പേരെ കൊലപ്പെടുത്തി.