കാസര്‍ക്കോട്: ചാമുണ്ഡി കുന്നില്‍ എന്റോസള്ഫാന് ഇരയായ യുവതിയെ മാതാവ് കൊലപ്പെടുത്തിയത് റിബണ്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണെന്ന് പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂളിലെ പാചകത്തൊഴിലാളി ഓട്ടമലയിലെ വിമല കുമാരി (58)യെ അടുക്കളയില്‍ തൂങ്ങിയും മകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ രേഷ്മ (28)യെ വീട്ടിനകത്ത് കട്ടിലിലും മരിച്ചു കിടക്കുന്ന നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
രേഷ്മയെ കൊലപ്പെടുത്തിയ ശേഷം വിമല ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. മകന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. ബിരിക്കുളത്തെ കെയര്‍ ഹോമില്‍ അന്തേവാസിയായിരുന്നു രേഷ്മ.കോവിഡ് കാലം കഴിഞ്ഞ് വീട്ടില്‍ നിന്ന്
തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ അതിന് രേഷ്മയക്കു താല്പര്യമുണ്ടായിരുന്നില്ല. വിമലക്കാവട്ടെ സ്കൂള്‍ തുറന്നതിനാല്‍ ജോലിക്കു പോകേണ്ടതുമുണ്ടായിരുന്നു. മകളുടെ പരിചരണവും ജോലിക്കു പോകലും ഒന്നിച്ചു നടത്താനുള്ള പ്രയാസത്തെക്കുറിച്ച ആധിയാണ് കടുംകൈക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. പരേതനായ രഘുനാഥന് നായരുടെ ഭാര്യയാണ് വിമല. മറ്റുമക്കള്‍: രഞ്ജിത്ത്, മനു.