ജനകീയ ധര്‍ണ ശനിയാഴ്ച
കോഴിക്കോട്: ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള റെയില്‍പാതയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ നിലമ്പൂര്‍-നഞ്ചന്‍കോട് ലിങ്ക് പാത യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന്.
കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള റെയില്‍ യാത്ര സമയത്തില്‍ ആറുമണിക്കൂറും മൈസൂരിലേക്ക് 9 മണിക്കൂറും കുറയ്ക്കുന്ന നിലമ്പൂര്‍നഞ്ചന്‍കോട് ലിങ്ക് പാത സംയുക്ത സംരംഭമായി നിര്‍മ്മിക്കാനായി കേരള സര്‍ക്കാര്‍ തീരുമാനമെടുക്കുകയും 2015 ലെ സംസ്ഥാന ബജറ്റില്‍ വിഹിതം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി സംയുക്ത നിര്‍മാണ കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. ഡി പി ആറും ഫൈനല്‍ ലൊക്കേഷന്‍ സര്‍വേയും നടത്താന്‍ 8 കോടി രൂപ അനുവദിക്കുകയും ഉണ്ടായി. കേരള സര്‍ക്കാര്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡി എം ആര്‍ സി ക്ക് ഡി പി ആര്‍ തയ്യാറാക്കുന്നത് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തു . ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി സര്‍വേ നടത്താന്‍ അനുകൂലമായ സാഹചര്യങ്ങളും ഒരുക്കിയിരുന്നു . എന്നാല്‍ പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിയുമായി സഹകരിച്ചില്ല. സര്‍ക്കാര്‍ തലശ്ശേരി മൈസൂര്‍ റെയില്‍ പാതയില്‍ അമിത താല്പര്യം എടുക്കുകയും നിലമ്പൂര്‍ നഞ്ചന്‍ഗോഡ് പാതയുടെ സര്‍വേ നടപടികള്‍ സ്തംഭിപ്പിക്കുകയും ചെയ്തു. ഡിഎംആര്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള സാഹചര്യവും കേരള സര്‍ക്കാര്‍ തന്നെ ഉണ്ടാക്കി. മുമ്പ് ആറു തവണ സര്‍വേ നടത്തി പ്രായോഗികമല്ലന്ന് കണ്ടെത്തിയ തലശ്ശേരി മൈസൂര്‍ റെയില്‍ പാതക്ക് വേണ്ടിയാണ് ഒരു ലോബി കേരള സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
മൈസൂരിലേക്കുമുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് നിലമ്പൂര്‍ നഞ്ചന്‍ഗോഡ് ലിങ്ക് പാത യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ ആക്ഷന്‍ കമ്മിറ്റികള്‍ യോജിച്ച പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ തുടക്കം എന്ന നിലയില്‍ നീലഗിരി വയനാട് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച രാവിലെ 10. 30 മുതല്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ ജനകീയ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. എം. കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും . പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍, സുല്‍ത്താന്‍ബത്തേരി എം.എല്‍.എ ഐ. സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ നീലഗിരി വയനാട് എന്‍എച്ച് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി. എം റഷീദ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സി. ഇ ചാക്കുണ്ണി സംബന്ധിച്ചു.