കോഴിക്കോട്: ബംഗളുരുവിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ബസ് മാവൂര്‍റോഡ് സ്റ്റാന്റിലെ തൂണിനിടയില്‍ കുടങ്ങി. ഇന്നലെ രാത്രി സ്റ്റാന്റില്‍ എത്തിയ ബസ് അശ്രദ്ധമായി നിര്‍ത്തിയിട്ടതാണ് പ്രശ്‌നമായത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ ബസ് പതിവു പരിശോധനകള്‍ക്കായി തൊട്ടടുത്തുള്ള വര്‍ക്ക ഷോപ്പിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ബസ് തൂണിനിടയില്‍ കുടുങ്ങി നില്‍ക്കുന്നതായി വ്യക്തമായത്. തൂണിന് ചുറ്റുമുള്ള റിങ് ഉയര്‍ത്തി ബസ് കടന്നുപോകാന്‍ സൗകര്യപ്പെടുത്തുന്ന കാര്യം പരിശോധിച്ചെങ്കിലും നടന്നില്ല. തൂണിന് അപകടം പറ്റുമോ എന്ന ആശങ്ക കാരണം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വര്‍ക്ക് ഷോപ്പില്‍ നിന്ന് കൂടുതല്‍ ജോലിക്കാര്‍ എത്തി റിങ് മുറിച്ചുമാറ്റി ബസ് പുറത്തേക്ക് എടുക്കുകയാണുണ്ടായത്. 12.50നാണ് ബസ് പുറത്തേക്ക് എടുത്തത്.
ബസ് തട്ടുന്നത് കാരണം തൂണുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നതായി വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെയാണ് പുതിയ അപകടം. കെ.എസ്.ആര്‍.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.