ഏബിള്‍. സി. അലക്സ്
കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതില്‍ ജോഹന്‍ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളില്‍ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹന്‍ 500ല്‍ പരം കിലോമീറ്റര്‍ താണ്ടി സൈക്കിളില്‍ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി.മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹന്‍ ധനുഷ്കോടിയെലെത്തുകയായിരുന്നു.

ബന്ധുക്കളും, സുഹൃത്തുക്കളും അടങ്ങുന്ന ജോഹന്‍ ഉള്‍പ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാര്‍കുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയില്‍ എത്തി. 5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹന്‍. സൈക്കിളില്‍ ധനുഷ്കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹന്‍ പറയുന്നു. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ് സൈക്കിളില്‍ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഉദ്യോഗസ്ഥന് താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹന്‍