അറസ്റ്റ് ഉടനില്ലെന്ന് പോലീസ്
കൊച്ചി:വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പ്രതിയുടെ വാദം തള്ളിയാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ പ്രസംഗിച്ചപ്പോള്‍ നടത്തിയ സമാന പരാമര്‍ശത്തിന് എതിരായ കേസില്‍ ജോര്‍ജിനു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശമുണ്ടായത്.
ഇതിനെതിരായ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തെങ്കിലും അറസ്റ്റു നടപടിയിലേക്കു നീങ്ങിയിരുന്നില്ല. ഇതിനിടെ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ സമാന കുറ്റം ആവര്‍ത്തിക്കരുതെന്നു തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം വെണ്ണല വിദ്വേഷപ്രസംഗ കേസില്‍ പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുമെന്നാണ് സൂചന.
പാലാരിവട്ടത്തെ കേസില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് പോലീസ് വ്യക്തമാക്കി. തിരുവനന്തപുരത്തെ കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരേ പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലിലെ ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പാലാരിവട്ടത്തെ കേസില്‍ പി.സി. ജോര്‍ജിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം ഏകദേശം പൂര്‍ത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ പി.സി. ജോര്‍ജിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ നാടകമായിരുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്തെത്തി. പുലര്‍ച്ചെ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്ന് അറസ്റ്റ് ചെയ്തെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു. ശേഷം സ്വന്തം കാറില്‍ മകനൊപ്പം സഞ്ചരിക്കാന്‍ അനുവദിക്കുകയും വഴിയിലുടനീളം സംഘപരിവാറുകാരുടെ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അപ്രത്യക്ഷനായി. കൊടുത്ത എഫ്.ഐ.ആറില്‍ കേസുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്ന് മജിസ്ട്രേറ്റ് തന്നെ പറഞ്ഞു. ഇതെല്ലാം അറസ്റ്റ് നാടകമാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിന് പിന്നാലെയാണ് എറണാകുളം പാലാരിവട്ടം പോലീസും പി.സി.ജോര്‍ജിനെതിരേ സമാന കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്തെ കേസില്‍ പി.സി. ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരേ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.