തിരുവനന്തപുരം:ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഫയലുകള്‍ ഹാജരാക്കാന്‍ തര്‍ക്കം ഉണ്ടെങ്കില്‍, തര്‍ക്ക ഹര്‍ജി സമര്‍പ്പിക്കാന്‍ വിജിലന്‍സിനു കോടതിയുടെ കര്‍ശന നിര്‍ദേശം. കേസ് അടുത്തമാസം 10ന് പരിഗണിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് കേസ് പരിഗണിക്കുന്നത്.
ബ്രൂവറിക്കു ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാലും കേസിന്റെ പ്രാരംഭവാദം നടക്കുന്ന ഘട്ടമായതിനാലും ഫയലുകള്‍ ഇപ്പോള്‍ ഹാജരാക്കേണ്ടതില്ലെന്നാണ് വിജിലന്‍സ് നിലപാട്.
ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഉത്തരവ് നല്‍കിയാല്‍ മാത്രമേ കോടതിക്കു കേസിന്റെ തുടര്‍ നടപടികളിലേക്കു കടക്കാന്‍ കഴിയൂ. മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ ഇന്ന് ഹാജരായി. വ്യവസായ വകുപ്പിന്റെ സ്ഥലങ്ങളാണ് ബ്രൂവറിക്കായി നല്‍കാന്‍ തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, എക്സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്, ബ്രൂവറി ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡപ്യൂട്ടി കമ്മിഷണര്‍മാര്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.