കാസര്‍കോട്: മോഡല്‍ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. മോഡല്‍ ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടെങ്കിലും അന്വേഷണ സംഘം അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടും വരാനുണ്ട്. ഇനി സുഹൃത്തുകളുടേയും മൊഴി എടുക്കാനുണ്ടെന്നും എ സി പി കെ.സുദര്ശന് പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ ഫോറന്‍സിക് ഫലം പ്രതീക്ഷിക്കുന്നുണ്ട്. ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ഭര്‍ത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടില്‍ ഇന്ന് ഫോറന്‍സിക് വിദഗ്ധരെത്തി തെളിവെടുപ്പും പരിശോധനയും നടത്തി. കയറുപയോഗിച്ചുതന്നെയാണ് തൂങ്ങിമരിച്ചതെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ നിഗമനം. മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.
നേരത്തെ സജാദിനെ അന്വേഷണ സംഘം വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വിശദമായ ചോദ്യംചെയ്യലിനായി ഭര്‍ത്താവ് സജാദിനെ കസ്റ്റഡിയില്‍ വാങ്ങും.ലഹരിമാഫിയ കണ്ണിയായ സജാദ് ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിനിടെയാണ് ലഹരി വില്പന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതിന്റെ തെളിവായി ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വെയിങ് മെഷീനും വാടക വീട്ടില്‍ നിന്ന് കിട്ടി. ഇയാളുടെ കൂടുതല്‍ ബന്ധങ്ങളും ഇനി കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ പശ്ചാത്തലത്തില്‍ സജാദിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.