കോഴിക്കോട്: ഒളവണ്ണയിലെ മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ 23 മുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാര്‍ത്ഥം തുറന്നുകൊടുക്കും. സംസ്ഥാന ശാസ്ത്ര സാങ്കേതികമേഖലയുടെ 50ാം വാര്‍ഷികം പ്രമാണിച്ചാണ് നടപടി. ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 27വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
ലക്ഷക്കണക്കിന് സസ്യങ്ങളാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ സംരക്ഷിച്ചിരിക്കുന്നത്. ഇവ കാണാനും പരിചയപ്പെടാനും പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച അപൂര്‍വ സസ്യങ്ങളും ഇവിടെയുണ്ട്.
സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. ശാസ്ത്രജ്ഞന്മാരുമായി സംവാദം നടത്താനും സന്ദര്‍ഭം ഉണ്ടാവും. രാവിലെ 10 മുതല്‍ 11 വരെ തെരഞ്ഞെടുത്ത വിഷയങ്ങളില്‍ പ്രഭാഷണം ഉണ്ടാവും. അലങ്കാരചെടികളും ഔഷധസസ്യങ്ങളും 10 ശതമാനം വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. രാവിലെ പത്ത് മുതല്‍ വൈകുന്നേരം 3.30വരെ ഗാര്‍ഡനിലേക്ക് പ്രവേശനം സൗജന്യമാണ്.