കോഴിക്കോട്: കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇത്തവണ അധ്യയന വര്‍ഷം ഓണ്ലൈനിന് പകരം ഓഫ്ലൈനായി തുടങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം സ്കൂള്‍ വിപണി സജീവമാകാന്‍ തുടങ്ങി. എന്നാല്‍, തുടര്‍ച്ചയായ മഴയും കാലാവസ്ഥാപ്രശ്നങ്ങളും രക്ഷിതാക്കളെ ആശങ്കയിലാക്കുകയാണ്. മഴ തുടരുകയാണെങ്കില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടിവെക്കാന്‍ സാധ്യതയുണ്ട്. ഏതായാലും കുട, ബാഗ്, നോട്ടുപുസ്തകം ടിഫിന്‍ ബോക്സ് എന്നിവക്കെല്ലാം വില കൂടിയത് രക്ഷിതാക്കളെ തെല്ലൊന്നുമല്ല പ്രയാസത്തിലാക്കുന്നത്. ജൂണിലെ കുടുംബ ബജറ്റ് താളം തെറ്റുമെന്ന് ഉറപ്പായിരിക്കുകയാണ്. കുട്ടികള്‍ക്കുള്ള കുടകള്‍ക്ക് 25- രൂപ മുതല്‍ 400 വരെ വിലയുണ്ട്്. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത കുടകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. പുസ്തകം പൊതിയുന്നതിനുള്ള ബ്രൗണ്‍ പേപ്പറിനും വില കൂടി. നേരത്തെ 17 രൂപക്ക് കിട്ടിയിരുന്നതിന് ഇപ്പോള്‍ 22 രൂപ നല്‍കണം.
നോട്ടുപുസ്തകങ്ങള്‍ക്ക് കുറച്ചുകാലമായി ആവശ്യക്കാര്‍ കുറവായിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് ആയതിനാല്‍ പലരും പുസ്തകം വാങ്ങിയിരുന്നില്ല. മഴക്കോട്ടും ലഞ്ച് ബോക്സും കഴിഞ്ഞ രണ്ടുവര്‍ഷമായി കാര്യമായി വിറ്റുപോയിരുന്നില്ല. എങ്കിലും പഴയ സ്റ്റോക്ക് വിറ്റു തീര്‍ക്കാന്‍ പറ്റില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. പലതിന്റെയും ഫാഷന്‍ മാറി. അതുകൊണ്ട് പഴയ ഫാഷനിലുള്ളത് വാങ്ങാന്‍ ആളുകള്‍ തയാറാവില്ല.
കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ പുസ്തകങ്ങളും ബാഗും കുടകളും മറ്റും വിലക്കുറവില്‍ ലഭ്യമാണ്.വവിധ സഹകരണ സ്ഥാപനങ്ങളുടെ സ്റ്റോറുകളിലും വിലക്കുറവോടെ നോട്ടു പുസ്തകങ്ങളും മറ്റും ലഭിക്കും. 200 പേജുള്ള നോട്ടുബുക്കിന് 30 രൂപയും കോളജ് ബുക്കിന് 50 രൂപയുമാണ് വില. ബാഗുകള്‍ക്ക് 30 ശതമാനം വരെ വിലക്കുറവുണ്ട്. സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ജൂണ്‍ 15വരെ പ്രവര്‍ത്തിക്കും.