ലക്നൗ: മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു.
പള്ളിയുടെ നിര്‍മ്മാണം നിയമവിരുദ്ധമാണെന്നും കൃഷ്ണന്റെ ജന്മസ്ഥലത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഹരജി സെഷന്‍സ് കോടതി തള്ളിയിരുന്നു. 17ാം നൂറ്റാണ്ടിലുള്ളതാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്. പള്ളി നിര്‍മ്മിച്ചിരിക്കുന്നത് കത്ര കേശവ് ദേവ് ക്ഷേത്രത്തിലാണെന്നും ഇവിടം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഹരജിയില്‍ പറയുന്നു. 1669-70ല്‍ അന്നത്തെ ഭരണാധികാരിയായ മുഗല്‍ ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരമാണ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയില്‍ നിര്‍മ്മിച്ചതെന്നും ഹരജിക്കാരന്‍ പറയുന്നു.
ഭൂമി വീതം വയ്ക്കാമെന്ന് ഒത്തുതീര്‍പ്പുകള്‍ വരുന്നുണ്ട്. എന്നാല്‍ കൃഷ്ണന്റെ ഭൂമിയില്‍ വീതം വയ്പ്പില്ല. ഇവിടെ പള്ളി നിര്‍മ്മിച്ചിരിക്കുന്നത് നിയമവിരുദ്ധമായാണ്. കൃഷ്ണന്റെ സ്ഥലം സംരക്ഷിക്കാന്‍ എല്ലാ കൃഷ്ണഭക്തര്‍ക്കും അവകാശമുണ്ടെന്നും ഹരജിക്കാരനായ ലക്നൗ സ്വദേശി രഞ്ജാന അഗ്നിഹോത്രി പറയുന്നു.
നേരത്തെ മഥുര സിവില്‍ കോടതി ഹരജി തള്ളിയിരുന്നു. 1991ലെ പ്ലേസസ് ഓഫ് വര്‍ഷിപ്പ് ആക്ട് പ്രകാരം കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നും 1947 ഓഗസ്റ്റ് 15നും അവിടം ആരാധനാലയമായി നിലനിന്നിരുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 16ാം നൂറ്റാണ്ടില്‍ അയോധ്യയില്‍ നിര്‍മ്മിച്ച ബാബറി മസ്ജിദ് മാറ്റുന്നതിനും മസ്ജിദ് നിര്‍മ്മിക്കുന്നതിന് പകരം സ്ഥലം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടതും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.