തിരുവനന്തപുരം:സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വന്നേക്കാമെന്നും അതു തടയാനാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. പികെഎസ് പ്രതിനിധി സമ്മേളനം എകെജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
”എതിര്‍പ്പിനു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല. സില്‍വര്‍ലൈന്‍ പദ്ധതിക്കു കല്ലിടാന്‍ പ്രശ്നമുള്ള സ്ഥലങ്ങളില്‍ കല്ലിടാതെയും പദ്ധതി നടപ്പിലാക്കാം. അതിന് ആധുനിക സംവിധാനങ്ങളുണ്ട്. ജനങ്ങളുമായി യുദ്ധം ചെയ്തല്ല, അവരെ സഹകരിപ്പിച്ചു പദ്ധതി മുന്നോട്ടുകൊണ്ടുപോകും. പദ്ധതിക്കായുള്ള തുക സര്‍ക്കാര്‍ കണ്ടെത്തും. ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്കു മികച്ച നഷ്ടപരിഹാരവും നല്ല രീതിയില്‍ താമസിക്കാനുള്ള സംവിധാനവുമൊരുക്കും. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വികസനമേയില്ല എന്നു വരുത്തി തീര്‍ക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്’ കോടിയേരി പറഞ്ഞു.
”വികസനം മുടക്കികളും വികസനവാദികളും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയില്‍. വികസനം വേണമെന്ന് പറയുന്നവര്‍ എല്‍ഡിഎഫിനു വോട്ടു ചെയ്യും. തൃക്കാക്കരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കു നോക്കിയിട്ടൊന്നും കാര്യമില്ല. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് ആരും പറഞ്ഞിരുന്നില്ല. ഇതുവരെ ജയിക്കാത്ത പാലായിലും ജയിച്ചു. രാഷ്ട്രീയ സ്ഥിതിഗതികളില്‍ വന്ന മാറ്റമാണ് തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതിഫലിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി എല്‍ഡിഎഫിന് അനുകൂലമാണ്’ കോടിയേരി പറഞ്ഞു.