റിയാദ്: ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ആറാം വാർഷികം ഫെബ്രുവരി 10ന് വ്യാഴാഴ്ച അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തിൽ 6 മണിമുതൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആസ്റ്റർ സനദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മൂന്ന് മണിമുതൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. കേരളത്തിലെ കാരുണ്യദീപങ്ങളായ നാസർ മാനു, ഫാദർ ഡേവിസ് ചിറമേൽ, നടൻ വിനോദ് കോവൂർ, കെ. സി കമ്മുക്കുട്ടി എന്നിവർ അതിഥികളായി പങ്കെടുക്കും. 2016 ൽ രൂപവത്കരിച്ച സംഘടന ഇപ്പോൾ സൗദി അറേബ്യയുടെ 14 യൂണിറ്റുകളിലായി പ്രവർത്തിച്ചുവരുന്നു. സൗദി തലത്തിൽ ബെസ്റ്റ് വേയുടെ നാഷണൽ കമ്മറ്റിയും നിലവിൽവന്നു. ഡ്രൈവർമാരുടെ ഉന്നമനത്തിനു പ്രവർത്തിച്ചുവന്ന സംഘടനക്ക് ഇതിനകം നിരവധി സഹായങ്ങൾ ചെയ്യുവാൻ സാധിച്ചട്ടുള്ളതായി ഭാരവാഹികൾ വിശദീകരിച്ചു. കോവിഡ് കാലത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള അംഗങ്ങൾക്ക് ഭക്ഷണക്കിറ്റ് എത്തിച്ചു നൽകുവാനും സംഘടനക്ക് കഴിഞ്ഞു. ബെസ്റ്റ് വേ റിയാദ് യൂണിറ്റ് പ്രസിഡന്റ് അസ്ലം പാലത്ത്, സെക്രട്ടറി ബിബിൻ ആലപ്പുഴ, ട്രഷറർ ഷൗക്കത്ത് അലി, പി ആർ ഒ ലിബു മാത്യു, വൈസ് പ്രസിഡന്റ് സുബൈർ കൊടുങ്ങല്ലൂർ, ജോയിൻ സെക്രട്ടറി അൻസാർ ജെഎംടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.