നാസർ കാരന്തൂർ
റിയാദ്: സൗദി കെഎംസസി നാഷണൽ കമ്മിറ്റി മെമ്പർഷിപ്പ് 2022-25 ക്യാമ്പയിൻ റിയാദിലും ആരംഭിച്ചു. ഇത്തവണ കാൽ ലക്ഷം പേരെ അംഗങ്ങളാക്കാനാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സമിതി നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിയാദിൽ മെമ്പർഷിപ്പ് പ്രവർത്തനം നടത്തി കമ്മിറ്റികൾ രൂപവത് കരിക്കുന്നതിന് അഞ്ചംഗ സമിതിയെ ലീഗ് നിയോഗിച്ചിട്ടുണ്ട്. മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തിയാക്കി മെയ് 15 മുതൽ ജൂലൈ 30 വരെയുള്ള കാലയളവിൽ മണ്ഡലം, ജില്ലാ കമ്മിറ്റികൾ നിലവിൽ വരും.തുടർന്ന് സെൻട്രൽ കമ്മിറ്റിയുമുണ്ടാവും. മൂന്ന് വർഷമാണ് അംഗത്വ കാലാവധി. ഓൺലൈൻ വഴിയും മെമ്പർഷിപ്പ് എടുക്കാവുന്നതാണ്. ഇത്തിന് http://www.mykmcc.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം. അതാത് മണ്ഡലം കമ്മിറ്റികൾ അപേക്ഷ പരിശോധിച്ച ശേഷമായിരിക്കും അംഗത്വം നൽകുക. സംഘടനാ പ്രവർത്തന രംഗത്ത് ക്രിയാത്മകമായ ഒട്ടേറെ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും വിവിധ ജില്ലാ, മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളാണ് റിയാദിൽ നടക്കുന്നത്. അതിനാൽ തന്നെ പൊതുസമൂഹത്തിൽ നിന്ന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നത് . സൗദിനാഷണൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ വർഷങ്ങളായി റിയാദിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെയാണ് ചേർത്തു വരുന്നത്. 2020 മുതൽ റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന സുരക്ഷാ പദ്ധതിക്ക് കീഴിൽ 10 ലക്ഷം രൂപയാണ് അംഗമായിരിക്കെ മരണപ്പെടുന്ന കുടുംബത്തിന് ലഭിക്കുക. പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ജാതി, മത ഭേദമന്യേ ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്.
കോവിഡ് കാലത്ത് റിയാദ് കെഎംസിസി നടത്തിയ പ്രവർത്തനങ്ങൾ വഴി ആയിരങ്ങൾക്കാണ് ആശ്വാസമേകിയത്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുകയും അവർക്ക് ആശ്വാസമാകുന്ന രീതിയിൽ മാനസിക പിന്തുണയും ചികിത്സ സൗകര്യങ്ങളും ലഭ്യമാക്കുകയും, ഭക്ഷ്യ-മരുന്ന് വിതരണം, ചാർട്ടേഡ് വിമാന സേവനം, മരിച്ചവരുടെ മൃതദേഹങ്ങൾ മറവ് ചെയ്യുക തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അക്കാലത്ത് നേതൃത്വം നൽകാൻ നിലവിലുള്ള കമ്മിറ്റിക്ക് കഴിഞിട്ടുണ്ട്. കമ്മിറ്റിക്ക് കീഴിലുള്ള വെൽഫെയർ വിങ്, ഇവിടെ മരണപ്പെടുന്നവരുടെ മൃതദേഹം മറവ് ചെയ്യുന്നതിനും നാട്ടിലെത്തിക്കുന്നതിനും നിയമകുരുക്കുകൾ തീർക്കുന്നതിനും സജീവമായി രംഗത്തുണ്ട്.
വിവിധ ഇന്ത്യൻ സ്‌കൂളുകളെ പങ്കെടുപ്പിച്ച് സ്‌കൂൾ ഫെസ്റ്റുകളടക്കം പരിപാടികൾ സംഘടിപ്പിക്കുക, കലാ- കായിക രംഗത്തെ സജീവമാക്കി നിർത്തുക, ഫുടബോൾ, ഇന്റർനാഷണൽ ബാഡ്മിന്റൺ, വോളിബാൾ ടൂർണമെന്റുകൾ തുടങ്ങിയ കാര്യങ്ങളും നിലവിലെ കമ്മിറ്റി തൃപ്തികരമായി നിർവഹിച്ചതായി ഭാരവാഹികൾ പറഞ്ഞു. നിരവധി ബൈത്തു റഹ്മകളാണ് ജില്ല, മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയത്. നാട്ടിൽ പ്രവർത്തിച്ചു വരുന്ന സി എച്ച് സെന്ററുകൾക്ക് ഏകീകൃത ഫണ്ട് സമാഹരണം വഴി വർഷം തോറും വലിയൊരു തുക സഹായമെത്തിക്കാനും കമ്മിറ്റിക്ക് കഴിഞ്ഞു.
ഒട്ടനവധി ആളുകൾ ഓൺലൈൻ വഴിയും നേരിട്ടും സംഘടനയിൽ അംഗത്വമെടുത്തു വരുന്നു. ഈ മാസം 11ന് വെള്ളിയാഴ്ച ജില്ലാ, മണ്ഡലം, ഏരിയാ ഭാരവാഹികളെയും പ്രധാന പ്രവർത്തകരെയും ഉൾപ്പെടുത്തി കൺവെൻഷൻ വിളിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഉപസമിതി അംഗങ്ങളായ സി.പി മുസ്തഫ (റിയാദ് കെഎംസിസി പ്രസിഡന്റ്), കബീർ വൈലത്തൂർ (അക്ടിങ് സെക്രെട്ടറി), യു.പി മുസ്തഫ (ട്രഷറർ) എസ്.വി അർശുൽ അഹമ്മദ് (നാഷണൽ കമ്മിറ്റി സെക്രെട്ടറിയേറ്റ് മെമ്പർ), ഷുഹൈബ് പനങ്ങാങ്ങര (നാഷണൽ കമ്മിറ്റി സെക്രെട്ടറിയേറ്റ് മെമ്പർ) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.