മംഗളൂറു: കര്‍ണാടകയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെടുത്ത് കൈക്കൂലി. യഡ്ഗിര്‍ ഗവ. ജില്ല ആശുപത്രിയിലാണ് സിസേറിയന്‍ വൈകി ദുരന്തമുണ്ടായത്.
വീടുകളില്‍ ജോലി ചെയ്ത് ജീവിക്കുന്ന സംഗീത എന്ന സ്ത്രീയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ ഗൈനക്കോളജിസ്റ്റ് ഡോ. പല്ലവി പൂജാരി 10,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൈയില്‍ പണം ഇല്ലെന്ന് അറിയിച്ചെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. പലരില്‍ നിന്നായി കടം വാങ്ങി പണം സ്വരൂപിച്ച് നല്‍കാന്‍ സമയമെടുത്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നെങ്കിലും ചാപിള്ളയെയാണ് പുറത്തെടുത്തത്.
ഡോക്ടറുടെ അനാസ്ഥ കാരണമാണ് ഗര്‍ഭസ്ഥ ശിശു മരണം എന്നാരോപിച്ച് സംഗീതയുടെ ബന്ധുക്കളും നാട്ടുകാരും വെള്ളിയാഴ്ച ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.സ്‌നേഹല്‍ ആരോപണ വിധേയ ഡോക്ടറെ സസ്‌പെന്റ് ചെയ്തു.