കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ മണ്ഡലങ്ങളിലെ ഭാരവാഹികള്‍ക്കെതിരെ മുസ്ലിംലീഗ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. ഇന്ന് കോഴിക്കോട് ലീഗ്ഹൗസില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയാണ് തീരുമാനമെടുത്തത്. നേരത്തെ പാര്‍ട്ടി ഏര്‍പ്പെടുത്തിയ കമ്മിറ്റി നല്കിയ ശിപാര്‍ശ ഉന്നതാധികാരസമിതി ചര്‍ച്ച ചെയ്ത് പ്രവര്‍ത്തകസമിതിക്ക് തീരുമാനത്തിന് വിടുകയായിരുന്നു. സൗത്ത് മണ്ഡലത്തില്‍ വനിതാലീഗ് നേതാവ് അഡ്വ. നൂര്‍ബീന റഷീദ് ആയിരുന്നു സ്ഥാനാര്‍ത്ഥി. ഐ.എന്‍.എല്ലിലെ അഹമ്മദ് ദേവര്കോവിലിനോടാണ് നൂര്‍ബീന റഷീദ് പരാജയപ്പെട്ടത്. സൗത്ത് മണ്ഡലത്തിലെ തോല്‍വി അപമാനകരമാണെന്ന് യോഗം വിലയിരുത്തി. കളമശ്ശേരിയിലെ പരാജയവും സമാനരീതിയിലുള്ളതാണ്. എങ്കിലും അവിടെനിന്ന് പാര്‍ട്ടി നേതൃത്വം നല്കിയ മാപ്പപേക്ഷ പരിഗണിച്ച് കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
കൊല്ലത്തും പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചിരുന്നു. ഇവിടെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴീക്കോട്, കൂത്തുപറമ്പ്, കുറ്റിയാടി, കുന്നമംഗലം, താനൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ തോല്‍വിയും ചര്‍ച്ചയായി. ഇവിടെയെല്ലാം ശക്തമായ ഇടപെടല്‍ നടത്തുമെന്ന് അഡ്വ.പി.എം.എ സലാം പറഞ്ഞു.
സമസ്ത നേതാക്കളുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സമസ്തയുടെ നിലപാട് പാര്‍ട്ടിയെ ബാധിക്കില്ല എന്നായിരുന്നു പി.എം.എ സലാമിന്റെ മറുപടി. പാര്‍ട്ടി സ്വന്തം പരിപാടികളുമായി മുന്നോട്ടുപോകും. ഓരോ പ്രസ്ഥാനങ്ങള്‍ക്കും സ്വന്തമായി അഭിപ്രായം പറയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ അധ്യക്ഷനായിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
വഖഫ്: രണ്ടാംഘട്ട പ്രക്ഷോഭം 27 മുതല്‍
കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം ഉള്‍പ്പെടെയയുള്ള വിഷയങ്ങളില്‍ മുസ്ലിംലീഗ് പ്രക്ഷോഭം ശക്തമാക്കും. സംസ്ഥാന പ്രവര്ചത്തക സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്തു. രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി 27ന് കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ മാര്‍ച്ച് സംഘടിപ്പിക്കും. നിമയസഭയിലേക്കും മാര്‍ച്ച് നടത്തും. അടുത്ത സമ്മേളനകാലയളവിലായിരിക്കും ഇത്.