കോഴിക്കോട്: ‘ആക്രമിക്കാന്‍ വരുന്നവരുടെ കണ്ണില്‍ തന്നെ തറപ്പിച്ചു നോക്കി പൂര്‍വാധികം ശക്തിയോടെ ഒറ്റ ഇടി ദേ ഇതുപോലെ ദേഹത്ത് കൊടുക്കണം’. ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയം പ്രതിരോധമുറകള്‍ പഠിക്കാന്‍ സംഘടിപ്പിച്ച വാക്ക് ഇന്‍ ട്രെയ്നിങ്ങില്‍ പരിശീലക പറഞ്ഞു.
ഇതുകേട്ടപ്പോള്‍ മറ്റുള്ളവരെ പോലെ തങ്ങള്‍ക്കും സ്വയം സംരക്ഷിക്കാനുള്ള തന്ത്രങ്ങള്‍ ചെയ്യാനാവും എന്ന ആത്മവിശ്വാസം തന്നെയാണ് ഓരോ സ്ത്രീകളുടെ മുഖത്തും കാണാന്‍ കഴിഞ്ഞത്. ആരെയും ആക്രമിക്കാനല്ല, അപ്രതീക്ഷിത പീഡനങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും സ്വയരക്ഷക്കുള്ള പ്രതിരോധ അടവുകള്‍ മനസ്സിലാക്കി ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. പരിശീലക തുടര്‍ന്ന് പറഞ്ഞത് കേട്ട് ചുറ്റും കൂടി നിന്നവര്‍ കയ്യടിച്ചു.
‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് നമ്മുടെ സ്വയരക്ഷക്ക് അത്യാവശ്യം പ്രതിരോധമുറകള്‍ അറിഞ്ഞു വെക്കേണ്ടത് അത്യാവശ്യം തന്നെയാണ് ‘ വാക്ക് ഇന്‍ ട്രെയ്നിങ്ങില്‍ പങ്കെടുത്ത ഒരു വീട്ടമ്മ പറഞ്ഞു.
ഏതു സാഹചര്യത്തില്‍ ആണെങ്കിലും അനാവശ്യമായി ഉപദ്രവിക്കാന്‍ വരുന്നവരെ വകവരുത്താനുള്ള ശക്തി സ്ത്രീകള്‍ക്കും ഉണ്ടെന്ന് തെളിയിക്കുന്ന രീതിയിലുള്ള ഓരോ അഭ്യാസമുറകളാണ് കേരള പോലീസ് വുമണ്‍ സെല്‍ഫ് ഡിഫെന്‍സ് ട്രെയിനര്‍മാര്‍ സ്ത്രീകള്‍ക്കായി പരിശീലിപ്പിക്കുന്നത്.
കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ 2015 ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. നാളെയും മറ്റന്നാളും ആയി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ് ട്രെയിനിങ് സംഘടിപ്പിക്കുന്നത്.
കോഴിക്കോട് പോലീസ് ക്ലബ്ബില്‍ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി രാജ്പാല് മീണ നിര്‍വഹിച്ചു. അഡീഷണല്‍ എസ് പി എല്‍. സുരേന്ദ്രന്, നാര്‍കോട്ടിക് സെല്‍ എ. സി. പി പ്രകാശന്, കേരള പോലീസ് അസോസിയേഷന് സെക്രട്ടറി പവിത്രന്, വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോണ്‍സ, വനിത സി ഐ ഉഷ, വനിത എസ് ഐ റീത്ത തുടങ്ങിയവര്‍ സംസാരിച്ചു.