കോഴിക്കോട്: ഇരുകൈകളിലുമായിഅമര്‍ത്തി പിടിച്ച് തൊണ്ണൂറ്റിരണ്ട്കാരിയായ മറിയംബി ഉമ്മ മൊബൈല്‍ മുകളിലേക്കുയര്‍ത്തി. താന്‍ ജീവിതത്തില്‍ തന്നെ ആദ്യമായി പോവുന്ന ഉല്ലാസ യാത്രയുടെ സെല്‍ഫിയെടുത്ത് മറിയംബി ആഹ്ലാദത്തോടെ സഹയാത്രികരെ ചേര്‍ത്ത് പിടിച്ചു. തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള 90 സഹയാത്രികര്‍ അവര്‍ക്കൊപ്പം ആര്‍ത്തു വിളിച്ച് സെല്‍ഫിയില്‍ അണിനിരന്നു.
കെ.എസ്. ആര്‍.ടി.സി. വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയിലാണ് മറിയംബി ഉമ്മ താരമായത്. തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ തന്റെ ആദ്യ വിനോദയാത്ര നടത്താന്‍ മറിയംബി താന്‍ വളര്‍ത്തുന്ന ആടിനെ വിറ്റാണ് പണം കണ്ടെത്തിയത്. മറിയംബി ഉമ്മയുടെ ആഗ്രഹം സഫലമാക്കാന്‍ മക്കളും ഒപ്പം നിന്നതോടെ അത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. മക്കളാണ് യാത്രയ്ക്കുള്ള മുഴുവന്‍ ക്രമീകരണങ്ങളും ചെയ്തത്. മറിയംബി ഉമ്മയെ കൂടാതെസമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ യാത്രയില്‍ പങ്കാളികളായി.
90 വനിതകളുമായി കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാവിലെ 7 മണിക്ക് തുടങ്ങിയ യാത്ര ഉച്ചയോടെ എറണാകുളത്തെത്തി. തുടര്‍ന്ന് ഡബിള്‍ ഡക്കര്‍ ബസില്‍ കൊച്ചി നഗരം ചുറ്റി. വനിതാ ദിനത്തിലെ കൊച്ചി മെട്രോ സൗജന്യ യാത്രയും ആസ്വദിച്ച ശേഷം സുഭാഷ് പാര്‍ക്കും സന്ദര്‍ശിച്ചു. തുടര്‍ന്ന് 5 മണിക്കൂര്‍ നീണ്ട കപ്പല്‍ യാത്രയും. കപ്പലില്‍ വിനോദത്തിനായി ഡിജെ പാര്‍ട്ടിയും ഹോം തിയേറ്ററും ക്രമീകരിച്ചതായി കോര്‍ഡിനേറ്റര്‍ ആര്‍. ബിന്ദു അറിയിച്ചു. വനിതാദിന യാത്ര നാളെ, മാര്‍ച്ച് 9 ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടി കോഴിക്കോട് അവസാനിക്കും.
കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ദീപ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കെഎസ്ആര്‍ടിസി ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ ബിന്ദു, ഡോ. ഇന്ദു തുടങ്ങിയവര്‍ സംസാരിച്ചു.