കോഴിക്കോട്: മാലിന്യസംസ്കരണ കേന്ദ്രമായ ഞെളിയന്‍പറമ്പില്‍ കഴിഞ്ഞദിവസം ഉണ്ടായ തീപിടിത്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇവിടെ മാലിന്യ സംസ്കരണത്തിന് ബൃഹത്തായ പദ്ധതി രൂപകല്പന ചെയ്തിരുന്നു. എന്നാല്‍ കരാര്‍ എടുത്ത കമ്പനി ഒരു പ്രവൃത്തിയും നാളിതുവരെയായി തുടങ്ങിയിട്ടില്ല. നേരത്തെയുള്ള മാലിന്യം നീക്കണമെന്നും സ്ഥലം വിട്ടുകിട്ടണമെന്നും മറ്റുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നീട്ടിക്കൊണ്ടുപോവുകയാണ്. 13 ഏക്കര്‍ ഭൂമിയും മറ്റ് സൗകര്യങ്ങളും ഉണ്ടായിട്ടും മാലിന്യസംസ്കരണം നടക്കുന്നില്ല. രണ്ടുവര്‍ഷമായി പരിസരവാസികള്‍ പദ്ധതിയുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. പലതവണ കരാര്‍ നീട്ടിനല്‍കുകയായിരുന്നു. സി.പി.എം നേതാക്കളുമായി ബന്ധമുള്ളവരാണ് കരാറുകാരെന്ന് യു.ഡി.എഫ് ആരോപിച്ചു.
യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി പ്രതിനിധി സംഘത്തില്‍ കെ.സി ശോഭിത, കെ. മൊയ്തീന്‍കോയ, എസ്.കെ അബൂബക്കര്‍, അജീബ ഷമീര്‍, ആയിഷബി പാണ്ടികശാല എന്നിവര്‍ ഉണ്ടായിരുന്നു.