കോഴിക്കോട്: ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും തൂണേരി ഐ സി ഡി എസ് ന്റെയും നേതൃത്വത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. നാദാപുരം, വളയം ഗ്രാമപഞ്ചായത്തിലെ കല്യാണം കഴിക്കാന്‍ പോകുന്നവര്‍ക്കും ഈയടുത്ത് കല്യാണം കഴിച്ചവര്‍ക്കും വേണ്ടി നടത്തിയ ക്യാമ്പ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
വിവാഹ മേഖലയില്‍ ന്യൂജന്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ക്രമാതീതമായി വിവാഹ മോചന കേസുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യുവജനങ്ങള്‍ക്കിടയില്‍ വിവാഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിന് ബോധവല്‍ക്കരണ ക്ലാസും നടത്തി. ക്യാമ്പില്‍ 65 ഓളം പേര് പങ്കെടുത്തു.
നാദാപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ക്യാമ്പില്‍ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. ഫാമിലി കൗണ്‍സില്‍മാരായ സി വി അനില്‍കുമാര്‍, ടി കെ റീന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനിത ഫിര്‍ദോസ് എന്നിവര്‍ സംസാരിച്ചു. നാദാപുരം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വി ശാലിനി സ്വാഗതവും ഐസിഡി സൂപ്പര്‍വൈസര്‍ വളയം പി ബിന്ദു നന്ദി പറഞ്ഞു.