കോഴിക്കോട്: പ്രൈമറി അറബിക്ക് അധ്യാപകരാകാൻ സർവ്വീസ് റൂളുകളിൽ നിഷ്കർഷിച്ച മതിയായ യോഗ്യതകളെല്ലാം ഉണ്ടായിട്ടും ഡി എൽ. എഡ് യോഗ്യത നേടിയിട്ടില്ലെന്ന കാരണം പറഞ്ഞ് നിയമനാംഗീകാരം തടയുന്നത് പ്രതിഷേധാർഹമാണെന്നും നിയമനാംഗീകാരത്തിനുള്ള നടപടികൾ അടിയന്തിരമായി കൈ കൊള്ളണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയമനാഗീകാരം നൽകാതെ അധ്യാപക ദ്രോഹ നടപടിയുമായി മുന്നോട്ട് പോകുന്ന വിദ്യാഭ്യാസ ഓഫീസർമാർക്കെതിരിൽ വിദ്യാഭ്യാസ വകുപ്പ് ശക്തമായ നിലപാടെടുക്കണമെന്ന് കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
നിയമനാംഗീകാര നടപടികൾ അകാരണമായി വൈകിപ്പിക്കുന്നതിനെതിരെ പ്രത്യക്ഷ സമര പരിപാടികൾ നടത്തേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
രാജാവിനേക്കാൾ രാജ്യ ഭക്തി കാട്ടി അനാവശ്യമായ ഇടപെടലുകൾ നടത്തുന്നവർക്ക് ആവശ്യമായ തിരിച്ചറിവുണ്ടാക്കാൻ ബോധവൽക്കരണ ക്ലാസുകൾ കൊടുത്ത്
വിദ്യാഭ്യാസ വകുപ്പിന്റെ മാനം കാക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം എ ലത്തീഫ് , ട്രഷറർ മാഹിൻ ബാഖവി , എം.ടി. സൈനുൽ ആബിദീൻ, എ.പി. ബഷീർ, എം.എ. റഷീദ് , എം.എ. സാദിഖ്, എം.പി. അബ്ദുസലാം, നൗഷാദ് കോപ്പിലാൻ , മുഹമ്മദലി മിഷ്കാത്തി, സി.എച്ച് ഫാറൂഖ്, ടി.പി അബ്ദുൽ റഹീം, ഒ.എം. യഹ്യാ ഖാൻ , നൂറുൽ അമീൻ , മൻസുർ മാടമ്പാട്ട്, ടി.സി. അബ്ദുൽ ലത്തീഫ്, കെ.വി.റംല എന്നിവർ സംസാരിച്ചു.