വാണിമേൽ : രാജ്യത്തെ മതേതര ജനാധിപത്യ സങ്കൽപ്പങ്ങളെ തച്ചു തകർക്കാൻ വർഗ്ഗീയ ഫാസിസ്റ്റുകൾ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്നും മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള പ്രവർത്തനത്തിൽ സജീവമാകണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. നാദാപുരത്ത് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ മൂന്നാമത് അവാർഡ് ദാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് അദ്ദേഹം അനുസ്മരിച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എം. വേണുഗോപാലക്കുറുപ്പ്, പാലിയേറ്റീവ് പ്രവർത്തകൻ സി. കെ. കാസിം മാസ്റ്റർ എന്നിവർക്കുള്ള സമഗ്ര സേവാ പുരസ്കാരം ഹമീദലി തങ്ങൾ സമ്മാനിച്ചു. ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ ചെയർമാൻ എം. കെ .അഷ്റഫ് അദ്ധ്യക്ഷനായി.ഡോ. ജൗഹർ മുനവ്വർ, അഡ്വ. നജ്മ തബഷീറ എന്നിവർ പ്രഭാഷണം നടത്തി. മുഹമ്മദ് ബംഗ്ലത്ത്,എം .സി .സുബൈർ എന്നിവർ അവാർഡ് നേതാക്കളെ പരിചയപ്പെടുത്തി. എൻ. കെ. മൂസ മാസ്റ്റർ, ഹമീദ് വലിയാണ്ടി, നിസാർ എടത്തിൽ, സി എച്ച് ഹമീദ് മാസ്റ്റർ, വി .ടി .കെ മുഹമ്മദ്, ഇ ഹാരിസ്, റാഷിക് ചങ്ങരംകുളം, തായമ്പത്ത് കുഞ്ഞാലി,ബഷീർ എടച്ചേരി, നവാസ് തൈക്കണ്ടി, ഇ വി അറഫാത്ത്, പി മുനീർ മാസ്റ്റർ, അബ്ബാസ് കണയ്ക്കൽ, സക്കീന ഹൈദർ, സി. കെ .ജമീല തുടങ്ങിയവർ സംസാരിച്ചു. കൺവീനർ സി കെ നാസർ സ്വാഗതവും ട്രഷറർ നവാസ് തൈക്കണ്ടി നന്ദിയും പറഞ്ഞു. അവാർഡ് ജേതാക്കൾക്ക് ലഭിച്ച തുക ഭിന്നശേഷിക്കാരിയായ ബിൻസിയുടെ ചികിത്സ ഫണ്ടിലേക്ക് കൈമാറുന്നതായി വേണുഗോപാലക്കുറുപ്പും കാസിം മാസ്റ്ററും പ്രഖ്യാപിച്ചു. വേദിയിൽ വെച്ച് തന്നെ ചികിത്സ കമ്മിറ്റി ഭാരവാഹി
വി സി ഇക്ബാലിന് തുക കൈമാറി.