കോഴിക്കോട്: വയലടയിലെ വിനോദ സഞ്ചാരത്തിന്റെയും കായിക രംഗത്തിന്റെയും പ്രോത്സാഹനത്തിനായി സംഘടിപ്പിച്ച അള്‍ട്രാഹില്‍ റണ്‍ നാടിന് ആവേശമായി.
ബാലുശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.ദീര്‍ഘദൂര ഓട്ടക്കാരുടെ കൂട്ടായ്മയായ കാലിക്കറ്റ് റോയല്‍ റണ്ണേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി 120 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു . 25ഉം 50 ഉം കിലോമീറ്റര്‍
ദൂരമാണ് കായിക താരങ്ങള്‍ ഓടി പൂര്‍ത്തിയാക്കിയത്.
50 കിലോമീറ്റര്‍ പുരുഷ വിഭാഗത്തില്‍ കണ്ണൂര്‍ സ്വദേശി ജയ്മോന് ജെയിംസും വനിതാ വിഭാഗത്തില്‍ രമയും ജേതാക്കളായി. 25 കിലോമീറ്റര്‍ പുരുഷവിഭാഗത്തില്‍ കെ.വിനയ് ജേതാവായപ്പോള്‍ വനിതാ വിഭാഗത്തില്‍ ഊട്ടി സ്വദേശി ലിപി ഒന്നാമതെത്തി. 50കിലോമീറ്റര്‍ പുരുഷവിഭാഗത്തില്‍ ഗണേഷ്, ജസ്റ്റിന് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ മേരി ജോഷി, പാര്‍വതി എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. 25 കിലോമീറ്റര്‍ പുരുഷവിഭാഗം മത്സരത്തില്‍ അമല്‍ജിത്ത്, ആന്റണി വില്‍സണ്‍ വര്‍ഗീസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ വി.കെ. പ്രവീണ, സ്പൂര്ത്തി ദേവരാജ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. അഡ്വ.കെ.എം സച്ചിന്‍ദേവ് എം. എല്‍. എ. സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ബാലുശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ആരംഭിച്ച് പനങ്ങാട് നോര്‍ത്ത്, വാഴോറമല, കുന്നിക്കൂട്ടം, നമ്പികുളം, തോരാട്, താക്കോലായി, കോട്ടക്കുന്ന് എന്നീ മലകള്‍ താണ്ടി വയലട വഴി തിരികെ എത്തുന്ന തരത്തിലാണ് റണ്‍ റൂട്ട് ഒരുക്കിയിരുന്നത്.ബാലുശേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബി. കെ.ഹരീഷ്, ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ പി. സുധാകരന്, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.