Thursday, June 19, 2025

ജലബജറ്റ് ബ്ലോക്ക് തല കണ്‍വെന്‍ഷന്‍ നടത്തി

Must Read

കോഴിക്കോട്: സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ബ്ലോക്കില്‍ നടപ്പിലാക്കുന്ന ജല ബഡ്ജറ്റ് പദ്ധതിയുടെ കുന്നമംഗലം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവകേരളം കര്‍മപദ്ധതി 2, ഹരിതകേരളം മിഷന്‍, സി. ഡബ്ല്യൂ. ആര്‍.ഡി.എം. ഇവയുടെ സാങ്കേതിക പിന്തുണയോടെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാട് അധ്യക്ഷത വഹിച്ചു.

ജല ബജറ്റ് പ്രവര്‍ത്തനത്തെ കുറിച്ചും പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണ മാതൃകയെ കുറിച്ചും സി. ഡബ്ല്യൂ. ആര്‍. ഡി. എം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് (റിട്ട.) ഡോ. സുശാന്ത് വിശദീകരിച്ചു. പരിശീലന പരിപാടിയോടനുബന്ധിച്ച് പഞ്ചായത്തുകളുടെ ഗ്രൂപ്പ് ചര്‍ച്ച നടത്തി.

ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളേയും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുകയാണ്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്.
ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവും കണക്കാക്കുകയാണ് ആദ്യം വേണ്ടത്. ലഭ്യമായ ജലത്തിന്റെ അളവ് ആവശ്യമുള്ളതിനേക്കാള്‍ കുറവാണെങ്കില്‍ അതിനനുസരിച്ച് ജലത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗം ക്രമപ്പെടുത്തുന്നതിനുമുള്ള ഇടപെടലുകള്‍ ആവശ്യമാണ്. ഇത്തരത്തില്‍ ശാസ്ത്രീയ അടിത്തറയോടുകൂടിയ ഒരു ജനകീയ പ്രവര്‍ത്തനമാണ് ജലബഡ്ജറ്റിംഗ് പ്രവര്‍ത്തനത്തിലൂടെ നടത്താന്‍ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തും ആവശ്യമുള്ള ജലം ലഭ്യമാകുന്നത് പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്നാണ്. കിട്ടുന്ന ജലം എതമാത്രം കാര്യക്ഷമമായി ഇവയില്‍ സംഭരിച്ചു നിര്‍ത്താന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണ് ആ പ്രദേശത്തെ ജല ലഭ്യത ഉറപ്പാക്കാന്‍ കഴിയുക. കൃഷി, മൃഗസംരക്ഷണം, ഗാര്‍ഹികം, വ്യാവസായികം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ജലം ആവശ്യമാണ്. ജലത്തിന്റെ അളവ് കണക്കാക്കുമ്പോള്‍ ഓരോ മേഖലയിലും എന്തുമാത്രം ജലം നിലവില്‍ ആവശ്യമുണ്ട് എന്നും ഭാവിയില്‍ അവയില്‍ വരാവുന്ന വ്യതിയാനം എന്ത് എന്നും, നീര്‍ച്ചാലുകളിലെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പാക്കുന്നതിന് വേണ്ട ജലത്തിന്റെ അളവ് എത്ര എന്നുമൊക്കെ പരിഗണിക്കേണ്ടതുണ്ട്.

മഴക്കാലത്ത് എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി വരുന്ന ജലത്തിന്റെ അളവിനേക്കാള്‍ ജലം ലഭ്യമാകയാല്‍ വേനല്‍ക്കാല ആവശ്യങ്ങളും ജല ലഭ്യതയുമാണ് പ്രധാനമായും ഈ ജലബജറ്റ് തയ്യാറാക്കല്‍ പ്രക്രിയയില്‍ പരിഗണിക്കാന്‍ ലക്ഷ്യമിടുന്നത്. സൂക്ഷ്മ നീര്‍ത്തടങ്ങളെ അടിസ്ഥാനമാക്കി അവയിലേയ്ക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും അവയില്‍ നിന്നും പുറത്തേയ്ക്ക് ഒഴുകിപോകുന്ന ജലത്തിന്റെ അളവും കണക്കാക്കണം. ആ പ്രദേശത്ത് കിട്ടുന്ന മഴയുടെ അളവും ഓരോ നീര്‍ത്തടത്തിലേയും വിവിധ ജല സ്രോതസ്സുകളില്‍ വേനല്‍കാലത്ത് ലഭ്യമായ ജലത്തിന്റെ അളവും വിലയിരുത്തി വേനല്‍ക്കാല ജല ലഭ്യത കണക്കാക്കാന്‍ കഴിയും. അതോടൊപ്പം തന്നെ ആ പ്രദേശത്തെ മണ്ണിന്റെ ഘടനയും ഭൂജല ലഭ്യതയും കണക്കാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ലഭ്യമായ ജലത്തിന്റെ അളവ് കണക്കാക്കി കഴിഞ്ഞാല്‍ വിവിധ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് എത്ര ജലം ആവശ്യമുണ്ട് എന്നത് കണ്ടെത്തുകയാണ് അടുത്തതായി വേണ്ടത്. ജല ആവശ്യങ്ങളെ കൃഷി, മൃഗസംരക്ഷണം, ഗാര്‍ഹികം, വ്യാവസായികം, പാരിസ്ഥിതികം എന്നിങ്ങനെ തരംതിരിച്ച് ഓരോ ആവശ്യങ്ങളുടേയും ഉപഘടകങ്ങള്‍ പട്ടികപ്പെടുത്തി അവ ഓരോന്നിനും വേണ്ട ജലത്തിന്റെ അളവ് കണ്ടെത്തണം. തുടര്‍ന്ന് കണ്ടെത്തിയ ലഭ്യമായ ജലത്തിന്റെ അളവും ആവശ്യമായ ജലത്തിന്റെ അളവും താരതമ്യം ചെയ്യുകയാണ് വേണ്ടത്.

മഴക്കാലത്ത് ലഭിക്കുന്ന ജലം സാധ്യമായ സ്ഥലങ്ങളില്‍ പരമാവധി സംഭരിക്കുന്നതിന് ശ്രദ്ധിച്ചാല്‍ (ഉപരിതല ജലമായും ഭൂജലമായും) തുടര്‍ന്നുള്ള മാസങ്ങളിലെ ജലലഭ്യത കൂട്ടാന്‍ സഹായിക്കും. ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ലഭ്യമായ ജലത്തിന്റെ അളവും ജല ആവശ്യങ്ങളും കൃത്യമായി വിലയിരുത്തി കൃത്യമായ ആസൂത്രണത്തോടെ അവയിലെ അന്തരം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് രൂപം നല്‍കണം. ജല ബജറ്റില്‍ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ജലമേഖലയുമായി ബന്ധപ്പെട്ട് പദ്ധതികള്‍ തയ്യാറാക്കുന്നത് സഹായകരമായ വിവരങ്ങളുമുണ്ടാകും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img