കോഴിക്കോട്: ജില്ലയില്‍ മുസ്ലിംലീഗിന് പുതിയ നേതൃത്വം നിലവില്‍ വന്നു. ജില്ലാ പ്രസിഡന്റായി എം.എ റസാഖ് മാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി ടി.ടി ഇസ്മായിലിനെയും ട്രഷററായി സൂപ്പി നരിക്കാട്ടേരിയേയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: കെ.എ ഖാദര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, പി. അമ്മദ്, എസ്.പി കുഞ്ഞമ്മദ്, വി.കെ.സി ഉമ്മര്‍ മൗലവി(വൈസ് പ്രസിഡന്റുമാര്‍), സി.പി.എ അസീസ്, വി.കെ ഹുസൈന്‍കുട്ടി, ഒ.പി നസീര്‍, എ.വി അന്‍വര്‍, എ.പി അബ്ദുല്‍മജീദ്, എം. കുഞ്ഞാമുട്ടി, കെ.കെ നവാസ്(സെക്രട്ടറിമാര്‍).
എം.എ റസാഖ് മാസ്റ്റര്‍ കഴിഞ്ഞ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയാണ്. കൊടുവള്ളി സ്വദേശിയാണ്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. കൊടുവള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
പി.എസ്.സി അംഗമായിരുന്ന ടി.ടി ഇസ്മായില്‍ ഏറെ വര്‍ഷത്തിനുശേഷമാണ് ജില്ലാ നേതൃത്വത്തില്‍ എത്തുന്നത്. വെങ്ങളം സ്വദേശിയാണ്. കെ.റെയില്‍ സമരമുന്നണിയുടെ ജില്ലാ ചെയര്‍മാനാണ്. സൂപ്പി നരിക്കാട്ടേരി നിലവില്‍ മുസ്ലിംലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റാണ്. ജില്ലാ ട്രഷറര്‍ ആയതോടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഒഴിയണം. സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല സംസ്ഥാന നേതൃത്വത്തിലേക്ക് വരും. നിലവില്‍ ട്രഷറര്‍ ആയിരുന്ന പാറക്കല്‍ അബ്ദുല്ലയും സംസ്ഥാന തലത്തിലേക്ക് വരാന്‍ ഇടയുണ്ട്.
അണ്ടിക്കോട് നടന്ന ജില്ലാ കൗണ്‍സില്‍ യോഗം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫീസര്‍ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.