കോഴിക്കോട്: ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും അംഗത്വവും അനുവദിച്ചതില്‍ നീതി ലഭിച്ചില്ലെന്ന് ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി )നേതൃയോഗത്തില്‍ വിമര്‍ശനം.പാര്‍ട്ടിയെ അവഗണിക്കുന്ന രീതിയിലാണ് സ്ഥാനങ്ങള്‍ അനുവദിച്ചതെന്ന് സര്‍ക്കാറിനെതിരെ യോഗത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനമാണ് പാര്‍ട്ടിക്കു ലഭിച്ചത്. ബോര്‍ഡുകളുീ കോര്‍പറേഷനുകളുമടക്കം ആറെണ്ണത്തില്‍ അംഗത്വവും അനുവദിച്ചിട്ടുണ്ട്. ഇത് ഏതൊക്കെയാണെന്ന് യോഗത്തില്‍ വ്യക്തമാക്കിയില്ല. എണ്ണം കുറവായതിനാല്‍ പ്രതിഷേധ സൂചകമായാണ് ഇതുവരെ സ്ഥാനങ്ങള്‍ ഏറ്റെടുക്കാതിരുന്നത്. സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി പാര്‍ട്ടി പ്രതിനിധികളെ തീരുമാനിക്കാന്‍ സബ് കമ്മിറ്റിക്കു രൂപം നല്‍കി. എം.വി ശ്രേയാംസ് കുമാര്‍, കെ.പി മോഹനന്‍ , ഡോ.വര്‍ഗീസ് ജോര്‍ജ്, ചാരുപ്പാറ രവി എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങള്‍. 16ന് ആലപ്പുഴയില്‍ നേതൃയോഗം ചേരാനും പോഷക സംഘടനകള്‍ ഒരു മാസത്തിനകം പുന:സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഷെയ്ക്ക് പി. ഹാരിസ് പാര്‍ട്ടി വിട്ടതിനുശേഷം ആലപ്പുഴ ഘടകത്തില്‍ സംജാതമായ വിഷയങ്ങള്‍ 16ലെ യോഗം ചര്‍ച്ച ചെയ്യും.