കോഴിക്കോട്: മുസ്ലിംലീഗ് ജില്ലാ സമ്മേളനം കടപ്പുറത്ത് നടന്ന റാലിയോടെ സമാപിച്ചു. റാലി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാമുദായിക ഐക്യവും സമുദായത്തിന്റെ ഐക്യവും കാത്തുസൂക്ഷിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സാമുദായിക ഐക്യത്തിന് വിഘാതമാവുന്ന ഒരു നോട്ടം പോലും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് നേതാക്കള്‍ ഉദ്ബോധിപ്പിച്ചു. എന്തു നഷ്ടപ്പെട്ടാലും സാമുദായിക ഐക്യം നിലനിര്‍ത്തണം. സാദിഖലി തങ്ങള്‍ പറഞ്ഞു. ഐക്യം തകര്‍ക്കാന്‍ എളുപ്പമാണ്. അത് തിരിച്ചുപിടിക്കാന്‍ പ്രയാസവും. വരുന്ന നൂറ്റാണ്ടിലും മുസ്ലിംലീഗ് ഇതേപോലെ നിലനില്‍ക്കും. അധികാരം ഉണ്ടെങ്കില്‍ മാത്രമെ ലീഗ് ഉള്ളൂവെന്ന് പറയുന്നവര്‍ ഈ ജനസമുദ്രം കാണണം. പ്രവര്‍ത്തിക്കാന്‍ അധികാരത്തിന്റെ ആവശ്യമില്ല. മന്ത്രിമാരെയും നേതാക്കളെയും മാത്രം കാണുന്ന കണ്ണല്ല നമുക്ക് വേണ്ടത്. സാധാരണക്കാരെ കാണുവാനുള്ള മനസ്സാണ്. തങ്ങള്‍ പറഞ്ഞു.

സാമുദായിക ഐക്യം ലീഗിന്റെ മുഖ്യ അജണ്ടയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. ഇതിനായി ലീഗില്‍ ഒരു സമിതി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഐക്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ ലീഗ് പ്രതിജ്ഞാബദ്ധമാണ്. അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, പി.വി അബ്ദുല്‍വഹാബ് എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി, കെ.എം ഷാജി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, പി.കെ.കെ ബാവ, എം.സി മായിന്‍ഹാജി, യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, പാറക്കല്‍ അബ്ദുല്ല പ്രസംഗിച്ചു.