കോഴിക്കോട്: ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ആര്‍എംപി ഐ ജനറല്‍ സെക്രട്ടറി മംഗത് റാം പസ് ല പറഞ്ഞു. ആര് എം പി ഐ രണ്ടാമത് ദേശീയ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിലെ സ. ഭഗത് സിംഗ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം അത്യന്തം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. മതേതരത്വവും ജനാധിപത്യവും തകര്‍ത്ത് തീവ്ര ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണക്രമമാണ് കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നത്. രാജ്യമെങ്ങും മത ന്യൂനപക്ഷങ്ങള്‍ കടന്നാക്രമണങ്ങള്‍ക്ക് വിധേയമാകുന്നു. സ്ത്രീകള്‍ വലിയതോതില്‍ കടന്നാക്രമണങ്ങള്‍ക്ക് വിധേയമാകുന്നു.
വിലക്കയറ്റവും തൊഴിലില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായി. കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ താല്പര്യം മാത്രമാണ് മോഡി സര്‍ക്കാരിന്റേത്. രാജ്യത്തിന്റെ പരമാധികാരംപോലും മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെയ്ക്കുന്നു. ഇതിനെതിരെ ഇടതുപക്ഷ മതേതര കൂട്ടായ്മ രൂപപ്പെടേണ്ടിയിരിക്കുന്നു. ഐതിഹാസികമായ കര്‍ഷക സമരത്തിനു മുമ്പില്‍ മോഡി സര്‍ക്കാരിന് അടിയറവ് പറയേണ്ടിവന്നത് ഇത്തരം കൂട്ടായ്മയുടെ ഫലമായാണ്. കേരളത്തിലെ സിപിഎം പിന്തുടരുന്നത് ഫാസിസ്റ്റ് ശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിനു മുമ്പായി പ്രതിനിധികള്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എന്‍. വേണു , കെ.കെ.രമ എം.എല്‍.എ , കെ.എസ്. ഹരിഹരന്, അഡ്വ.പി. കുമാരന് കുട്ടി, ചന്ദ്രന് കുളങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്കി. ആര്.എം.പി.ഐ ചെയര്മാന് കെ.ഗംഗാധര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്മാന് അഡ്വ.പി. കുമാരന്‍കുട്ടി സ്വാഗതം പറഞ്ഞു. കെ.ഗംഗാധര്‍, കെ.കെ.രമ.എം.എല്‍.എ, പര്‍ഗത് സിങ് ജമരി, തേജിന്ധര് സിങ് ദിന്‍ഡ്, രമേഷ് താക്കൂര്‍, എന്‍.വേണു എന്നിവരടങ്ങിയ ആറംഗ പ്രസീഡിയവും കെ.ഗംഗാധര്‍, മംഗത് റാം പസ് ല, രാജേന്ദ്ര പരഞ്ജ് പേ , ഹര്കന്വല്സിങ്, കെ.എസ്. ഹരിഹരന്, അഡ്വ.പി.കുമാരന് കുട്ടി എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. എം.സി.പി.ഐ.യു ജനറല്‍ സെക്രട്ടറി അശോക് ഓംകാര്‍, സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, സി.പി.ഐ. എം.എല്‍. റഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി പി.ജെ ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.