കോഴിക്കോട്: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ( 2022 – 23 ) വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി ആരംഭിക്കുന്ന മൊബൈല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി മേഖലയില്‍ കോര്പ്പറേഷന് നടപ്പിലാക്കുന്ന അരികത്തണയാം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ വകയിരുത്തിയാണ് മൊബൈല്‍ തെറാപ്പി യൂണിറ്റ് ആരംഭിച്ചത്. ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ തുടങ്ങിയവരുടെ സേവനം ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളില്‍ ലഭ്യമാക്കും. ആഴ്ച്ചയില്‍ ആറു ദിവസവും തെറാപ്പി യൂണിറ്റ് പ്രവര്‍ത്തിക്കും. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ 75 വാര്‍ഡുകളിലായി തീവ്ര ചലന പരിമിതിയുള്ള നൂറിനടുത്ത് കുട്ടികളാണുള്ളത്. ഇവര്‍ക്കെല്ലാം മൊബൈല്‍ തെറാപ്പി യൂണിറ്റിന്റെ സേവനം ലഭ്യമാകും.
കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ പി ദിവാകരന്, കൗണ്‍സിലര്‍മാരായ രാജീവ്, മനോജന്, രജനി ടീച്ചര്‍, ടി.കെ ഷമീന എന്നിവര്‍ സംസാരിച്ചു.