
കോഴിക്കോട്: കണ്ടെയ്‌നര്‍ ലോറി കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് പന്തീരാങ്കാവ് ബൈപ്പാസ് റോഡിലാണ് അപകടം. മടവൂരിനടുത്ത് പയിമ്പാലശ്ശേരി മുട്ടാഞ്ചേരി എതിരംവീട്ടില്‍ കൃഷ്ണന്‍കുട്ടി(49), ഭാര്യ സുധ(45) എന്നിവരാണ് മരിച്ചത്.കൃഷ്ണന്‍കുട്ടിയുടെ മകന്‍ അരുണിനും(21) ലോറി മറ്റൊരു ഗൂഡ്‌സ് ഓട്ടോയിലും ഇടിച്ചതു കാരണം അതില്‍ ഉണ്ടായിരുന്ന ചേളാരി സ്വദേശികളായ അന്‍വര്‍(44), സമീറ(38) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്ന് മുട്ടാഞ്ചേരിയിലേക്ക് വരികയായിരുന്നു കൃഷ്ണന്‍കുട്ടിയും കുടുംബവും. മകന്‍ അഭിജിത്തിനെ എറണാകുളത്ത് പഠനസ്ഥലത്ത് എത്തിച്ച് തിരിച്ചുവരികയായിരുന്നു ഇവര്‍.
കണ്ണൂരില്‍ സിമന്റ് ഇറക്കിയശേഷം തിരിച്ചു എറണാകുളം ഭാഗത്തേക്ക് പോവുന്ന കണ്ടെയ്‌നര്‍ ലോറിയാണ് അപകടം വരുത്തിയത്. ദിശ തെറ്റി ഓടിയ ലോറി അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പന്തീരാങ്കാവ് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കണ്ടെയ്‌നര്‍ ലോറിയുടെ ഇടയില്‍പെട്ടുപോയ കാര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കിയത്. കാറില്‍പെട്ടുപോയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. അപ്പോഴേക്ക് രണ്ടുപേര്‍ മരിച്ചിരുന്നു. അപകടം വരുത്തിയ ലോറിയുടെ ഡ്രൈവര്‍ രക്ഷപ്പെട്ടതായി പറയുന്നു. അപകടത്തെതുടര്‍ന്ന് പന്തീരാങ്കാവ് ബൈപ്പാസില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

