കോഴിക്കോട്: നാടിന്റെ ജീവനാഡിയായ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് പ്രധാന കടമയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജൈവവൈവിധ്യ സംരക്ഷണം ഔദ്യോഗിക തലത്തില്‍ മാത്രം ഒതുങ്ങിപോകാതെ ഒരു ജനകീയ യജ്ഞമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൈവ വൈവിധ്യ പരിപാലന സമിതികളും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ പരിപാലന സമിതികള്‍ രൂപീകരിച്ചിട്ടുള്ള ആദ്യ സംസ്ഥാനമാണ് കേരളം. പാരിസ്ഥിതിക ശോഷണം ഒഴിവാക്കുന്നതിന് പ്രാദേശിക പരിസ്ഥിതി ട്രാവല്‍ സംഘം ആയിട്ടാണ് ഈ സമിതികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതിനോടകം തന്നെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സൂചകങ്ങളെ അടിസ്ഥാനമാക്കി പ്രാദേശിക തല കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള ഉപാധിയാണിവ.
കാലാനുസൃതമായി ജൈവവൈവിധ്യ രജിസ്റ്ററുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ജൈവവൈവിധ്യ ബോര്‍ഡ് മുന്‍കൈയെടുക്കണം.
ജൈവവൈവിധ്യത്തില്‍ അധിഷ്ഠിതമായ മൂല്യ വര്‍ധിത വസ്തുക്കളുടെ നിര്‍മ്മാണം ഇപ്പോള്‍ കുടുംബശ്രീ മുഖേന ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. നമ്മുടെ നാടിന്റെ തനത് സമ്പത്തുകളായ ഭക്ഷ്യയോഗ്യമായ പഴങ്ങള്‍, ഇലകള്‍,കിഴങ്ങുകള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ ഉറപ്പുവരുത്താനാകണം. കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഇവ നല്കുന്ന ഊര്‍ജ്ജം ചെറുതല്ല. മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തില്‍ അവയുടെ പ്രജനനവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കോണ്‍ഗ്രസില്‍ ഉരിത്തിരിഞ്ഞു വരുന്ന ഇത്തരത്തിലുള്ള ആശയങ്ങള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍മ്മപരിപാടികള്‍ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം’ എന്ന കേരള പുനര്‍ നിര്‍മ്മാണ പദ്ധതിയുടെ പൂര്‍ത്തീകരണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തുറമുഖം, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായിരുന്നു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. കടലാമകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോയുടെ പ്രകാശനം വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവിക്ക് കൈമാറിക്കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
കെ.എസ്.ബി.ബി മെമ്പര്‍മാരായ ഡോ. കെ. സതീഷ്കുമാര്‍, ഡോ. ടി.എസ് സ്വപ്ന, ഡോ. കെ.ടി. ചന്ദ്രമോഹനന്, പ്രമോദ് ജി കൃഷ്ണന്, കെ.എസ്.ബി.ബി മെമ്പര്‍ സെക്രട്ടറി ഡോ. എ.വി. സന്തോഷ്കുമാര്‍ സംഘാടക സമിതി വൈസ് ചെയര്‍മാനും കോഴിക്കോട് ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ.എടക്കോട്ട് ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. സി. ജോര്‍ജ്ജ് തോമസ് സ്വാഗതവും കെ.എസ്.ബി.ബി മെമ്പര്‍ കെ.വി. ഗോവിന്ദന് നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധി ശില്പശാല, ജൈവവൈവിധ്യ സാങ്കേതിക സംഘങ്ങളുടെ മേഖല സംഗമം, സംരക്ഷക കര്‍ഷകരുടെ സംഗമം എന്നിവ വിവിധ വേദികളിലായി നടന്നു. ‘സ്ത്രീശാക്തീകരണം – ജൈവവൈവിധ്യ സംരക്ഷണവും ജീവനോപാധിയും’ എന്ന വിഷയത്തിലൂന്നിയ സിമ്പോസിയവും സംഘടിപ്പിച്ചു. ഫെബ്രുവരി 20ന് കുട്ടികളുടെ ജൈവവൈവിധ്യ സമ്മേളനം നടക്കും