കുന്ദമംഗലം: കുന്ദമംഗലത്ത് വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളെയും മോഷ്ടാക്കളെയും പിടികൂടാന്‍ പോലീസ് നടപടി ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി വ്യാപാരികളെ തന്ത്രപൂര്‍വ്വം കബളിപ്പിച്ച് പണം തട്ടുന്നവര്‍ ദിനംപ്രതി ഏറിവരികയാണ്. ബുധനാഴ്ച്ച രാവിലെ
ഐഐഎം കവാടത്തിന് സമീപത്തെ ശ്രീ മുകാബിംക മെറ്റല്‍സില്‍ കട ഉടമയായ കമലയെ കബളിപ്പിച്ച് 2000 രൂപ കവര്‍ന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കടയില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് അവസാനം പണം ഒരുമിച്ച് ഗൂഗില്‍ പേ ചെയ്യാമെന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം പണം വാങ്ങി മുങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച് കടയുടമ കുന്ദമംഗലം പോലീസില്‍ പരാതി നല്കി. ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പുണ്ടായിട്ടും ആരെയും ഇതേവരെ പിടികൂടാനായിട്ടില്ല. പോലീസ് ആവശ്യമായത് ചെയ്യണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ എം. ബാബുമോന് അധ്യക്ഷത വഹിച്ചു. പി.ജയശങ്കര്‍,
എന്‍.വിനോദ് കുമാര്‍, സുനില്‍ കണ്ണാറ, എം.പി. മൂസ, ടി.സജീവ്, ടി.വി ഹാരിസ്, ടി.സി സുമോദ്, ഒ.പി ഹസ്സന് കോയ എന്നിവര്‍ പങ്കെടുത്തു.